ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന് പരാതി: ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം
റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യൂ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരും അന്വേഷണപരിധിയില്‍ വരും.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച് നല്‍കിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം. റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യൂ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരും അന്വേഷണപരിധിയില്‍ വരും. തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസിന്റെ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ മൂന്നേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്തുവെന്ന പരാതിയിലാണ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. ചിന്താലയ ആശ്രമമെന്ന പേരിലുള്ള ട്രസ്റ്റിന് ഭൂമി പതിച്ച് നല്‍കിയതിന് പിന്നില്‍ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനും മുന്‍ സെക്രട്ടറി ബിശ്വാസ് മേത്തക്കും പങ്കുണ്ടന്ന ആരോപണത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെയും അന്വേഷണമുണ്ട്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് യൂണിറ്റ് എസ്പിക്കാണ് ചുമതല.
ഒരു മാസത്തിനകം പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയരായ മൂന്ന് പ്രമുഖരുടേയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.