കേരളത്തിൽ രാഷ്ട്രീയ അസഹിഷ്ണുതയെന്ന് രാജ്നാഥ് സിങ്

Update: 2017-08-03 02:45 GMT
Editor : Sithara
കേരളത്തിൽ രാഷ്ട്രീയ അസഹിഷ്ണുതയെന്ന് രാജ്നാഥ് സിങ്
Advertising

മുഖ്യമന്ത്രിയുമായി നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് തനിക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്ന് രാജ്നാഥ് സിങ്

കേരളത്തിൽ രാഷ്ട്രീയ അസഹിഷ്ണുതയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരള മുഖ്യമന്ത്രിയുമായി നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് തനിക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനനന്ദ കേന്ദ്രം അധ്യക്ഷനുമായ പി പരമേശ്വരന്‍റെ നവതിയാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

പി പരമേശ്വരന്‍ 120 വര്‍ഷം ജീവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിങ് പ്രസംഗിച്ചു തുടങ്ങിയത്. കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നും തെരഞ്ഞെടുപ്പിലെ വിജയം ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ അസഹിഷ്ണുത നില നിൽക്കുന്നതായി കാണുന്നു. ഇതിന്‍റെ പേരിലുള്ള അക്രമത്തിന്‍റെ തുടര്‍ച്ചയുണ്ട്. മുഖ്യമന്ത്രിയുമായി നേരിട്ട് കണ്ടപ്പോള്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ചിലർ രാഷ്ട്രീയമായ തൊട്ടുകൂടായ്മ ഉണ്ടാക്കുകയാണ്. ഇതിനെ ബിജെപി എതിർക്കുന്നു. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വർഗീയവാദികളെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. മതം പരിഗണിക്കാതെ മനുഷ്യന്‍റെ സമഗ്രമായ ഉന്നമനമാണ് ഏകാത്മ മാനവവാദം ലക്ഷ്യമിടുന്നത്. ഇസ്‌ലാം മതത്തിൽ 72 വിഭാഗങ്ങളുണ്ട്. അവർക്കെല്ലാം സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണ്. ആശയങ്ങളുടെ പേരിലുള്ള അക്രമങ്ങൾ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം എന്നാല്‍ ഹിന്ദു വിരുദ്ധതയല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
ചടങ്ങില്‍ ബാബു പോള്‍, അമൃത കൃപാനന്ദപുരി, പിഇബി മേനോന്‍, വിവിക്താനന്ദ സരസ്വതി, ജെ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News