സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹിക സുരക്ഷക്കും കാര്‍ഷികോത്പാദന വര്‍ധനക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്
എല്ലാ മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച പ്രധാന പദ്ധതി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസം, ആരോഗ്യം, ക്യഷി മേഖലകള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തി. സാമൂഹിക സുരക്ഷക്കും, കാര്‍ഷികോത്പാദന വര്‍ധനയ്ക്കും ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചത്. എല്ലാ മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച പ്രധാന പദ്ധതി.
പൊതുവിദ്യാഭ്യാസ രംഗത്തും, ആരോഗ്യമേഖലയിലും സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതാണ് ബജറ്റിന്റെ പൊതുസമീപനം. കൃഷിമേഖലക്കുള്ള വിഹിതം ഇരട്ടിയായി വര്‍ധിപ്പിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വയല്‍ നികത്തല്‍ ഭേദഗതികള്‍ റദ്ദാക്കിയതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. നെല്ലുസംഭരണത്തിന് 385 കോടി വകയിരുത്തി. നെല്‍ക്യഷി പ്രോത്സാഹനത്തിന് സബ്സിഡിയും വര്‍ദ്ധിപ്പിച്ചു. ചികിത്സക്കായി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന കേരളത്തില്‍ കാരുണ്യചികിത്സാ പദ്ധതി എല്ലാവരുടേയും അവകാശമാക്കും. മുഴുവന്‍ രോഗങ്ങള്‍ക്കും പൂര്‍ണ്ണ സൌജന്യ ചികിത്സാ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി ജനകീയമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളായി കേരളത്തെ മാറ്റാനുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്. ഒരു മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയം. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യം യൂണിഫോം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.