കൊച്ചിയിലെ ഡിഎല്‍എഫ് നിര്‍മാണം അനധികൃതം; വിധിയുടെ പകര്‍പ്പ് മീഡിയവണിന്

Update: 2017-08-18 14:43 GMT
Editor : Sithara
കൊച്ചിയിലെ ഡിഎല്‍എഫ് നിര്‍മാണം അനധികൃതം; വിധിയുടെ പകര്‍പ്പ് മീഡിയവണിന്
Advertising

കൊച്ചിയിലെ ഡിഎല്‍എഫ് കെട്ടിട സമുച്ചയം പൊളിച്ച് മാറ്റേണ്ടതില്ല, പിഴ അടച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Full View

കൊച്ചിയിലെ ഡിഎല്‍എഫ് കെട്ടിട സമുച്ചയം പൊളിച്ച് മാറ്റേണ്ടതില്ല, പിഴ അടച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സകല നിയമനങ്ങളും കാറ്റില്‍ പറത്തിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് വിധിയില്‍ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിഴ ഒരു കോടിയായി നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വിധിയിലില്ല.

ചിലവന്നൂര്‍ തീരത്ത് ഡിഎല്‍എഫ് കെട്ടിട സമുച്ചയം പണിത സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന സിംഗിള്‍ ബെഞ്ചിന്‍റെ വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോനും അനില്‍ കെ നരേന്ദ്രനും വിധി പുറപ്പെടുവിച്ചത്. ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയ നിയമലംഘനങ്ങള്‍ ഇവയാണ്.

1. നിര്‍മാണം നടത്തിയത് പാരിസ്ഥിതിക അനുമതിയോ കെസിഇസെഡ്എംഎ (kczma) യുടെ അനുമതിയോ ഇല്ലാതെ.

2. സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി ഡിഎല്‍എഫിന് നല്‍കിയ പാരിസ്ഥിതിക അനുമതിക്ക് സാധുതയില്ല. ഇത് കേന്ദ്ര വിദഗ്ധ പരിശോധന സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധവുമാണ്.

3. ഫ്ലാറ്റിന് വടക്ക് വശത്തുള്ളത് പുറമ്പോക്ക് തോടാണ്.

ഇതൊക്കെയാണെങ്കിലും കെട്ടിടം പൊളിക്കേണ്ട എന്നായിരുന്നു കോടതിയുടെ ഉത്തരവ്. അതിന് കാരണങ്ങളായി കോടതി ചൂണ്ടികാട്ടുന്നത് ഇവയൊക്കെ

1. കെട്ടിടം നിര്‍മിച്ചത് സിആര്‍ഇസഡ് 1 ലാണെന്ന് കെസിഇസെഡ്എംഎ അവകാശപ്പെടുമ്പോള്‍ സിആര്‍ഇസഡ് 2 ലാണെന്നാണ് കേന്ദ്ര ഏജന്‍സിയായ സെസിന്‍റെ റിപ്പോര്‍ട്ട്. ഇവിടെ ആവശ്യമെങ്കില്‍ നിര്‍മാണം അനുവദിക്കാം.

2. കെട്ടിടത്തിന്‍റെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് നിയമലംഘനം നടത്തിയിരിക്കുന്നത്. കയ്യേറിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ ഡിഎല്‍എഫ് പ്രതിസ്ഥാനത്തില്ല.

ഇവയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിക്കുന്നത് നിര്‍മാണത്തിനേക്കാള്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ 1 കോടി രൂപ പിഴയീടാക്കി സ്ഥിരീകരിച്ച് നല്‍കാനാണ് ഉത്തരവ്.

തുക ചിലവന്നൂരിന്‍റെ കിഴക്കേ തീരത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവുമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് പിഴത്തുക 1 കോടിയാക്കി നിശ്ചയിച്ചതെന്ന് 64 പേജുള്ള വിധിയില്‍ വ്യക്തമാക്കുന്നില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News