സ്വത്ത് വിവരത്തില്‍ ക്രമക്കേട് കാട്ടിയ വിജിലന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: പ്രതിപക്ഷം
വിജിലന്‍സ് ഡയറക്ടര്‍ മാറണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് മുഖ്യമന്ത്രി
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന വ്യക്തമായ സൂചന നല്‍കി മുഖ്യമന്ത്രി. വിജിലന്‍സ് ഡയറക്ടര്‍ മാറണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ട. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് പ്രതികരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെതിരായ ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എം വിന്‍സെന്‍റ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദന ആരോപണവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എം വിന്‍സെന്‍റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍വീസില്‍ ഇരിക്കെ ഗുരുതര ക്രമക്കേടുകളാണ് ജേക്കബ് തോമസ് നടത്തിയതെന്ന് വിന്‍സെന്‍റ് ആരോപിച്ചു. തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ച് സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയില്ല. പൂര്‍വ്വകാല അഴിമതികള്‍ മൂടിവെയ്ക്കാനാണ് അഴിമതിവിരുദ്ധ മുഖംമൂടി അണിഞ്ഞതെന്നും വിന്‍സെന്‍റ് ആരോപിച്ചു.
കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞുകൊത്തുന്ന തത്തയാണ് ഇപ്പോള്‍ ജേക്കബ് തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.