ആറന്മുളയില്‍ ത്രികോണ മത്സരം; പ്രചാരണത്തില്‍ മേല്‍കൈ നേടാന്‍ സ്ഥാനാര്‍ഥികള്‍
തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ആറന്മുളയില്‍ പ്രചരണ രംഗം സജീവമായി.
തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ആറന്മുളയില്‍ പ്രചരണ രംഗം സജീവമായി. ആദ്യറൌണ്ട് പ്രചരണം പൂര്‍ത്തിയാക്കിയ ബിജെപിയാണ് പ്രചരണത്തില്‍ ഒരുപടി മുന്നില്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്ത് വന്നതോടെ ഇടത് സ്ഥാനാര്‍ഥി വീണാ ജോര്‍ജും മണ്ഡല പര്യടനം ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും കെ ശിവദാസന്‍ നായരും പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയ ആറന്മുളയില്‍ പ്രചരണ രംഗം ചൂടുപിടിച്ചു. ബിജെപിയുടെ സജീവ സാന്നിധ്യവും വീണാ ജോര്‍ജിന്റ സ്ഥാനാര്‍ഥിത്വവും കൊണ്ട് ശ്രദ്ധാ കേന്ദ്രമായ ആറന്മുളയില്‍ പോരാട്ടം കടുക്കും. പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ മറികടന്ന് സ്ഥാനാര്‍ഥിത്വം ലഭിച്ച മാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് പ്രചരണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടു തേടാണ് വീണയുടെ നീക്കം.
നേരത്തെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ബിജെപി മണ്ഡലത്തില്‍ ഒരു റൌണ്ട് പ്രചരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥി എം ടി രമേശ് മണ്ഡലത്തില്‍ ദിവസങ്ങളായി സജീവമാണ്. താര പ്രചാരകരെ ഇറക്കി പ്രചരണ രംഗത്ത് മുന്‍തൂക്കം നേടാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിയെ മണ്ഡലത്തിലെത്തിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മണ്ഡലത്തിലെ ബിജെപി പ്രചരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയേക്കും.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തു നില്‍ക്കാതെ കെ ശിവദാസന്‍ നായരും മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച് കഴിഞ്ഞു. ശിവദാസന്‍ നായര്‍ക്കായുള്ള ചുവരെഴുത്തുകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകൃതിയായി നടക്കുന്നുമുണ്ട്.
ആറന്മുളയില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് മാത്രമല്ല രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആരൊക്കെയാകും എത്തുകയെന്നതും സംസ്ഥാന രാഷ്ട്രീയത്തില്‍ വിശദമായ ചര്‍ച്ചക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.