എഫ്‍സിഐ ഗോഡൌണില്‍ നിന്ന് അരിനീക്കം നിലച്ചു
യൂണിയനുകള്‍ കൂടുതല്‍ അട്ടിക്കൂലി ആവശ്യപ്പെടുന്നതായി ഭക്ഷ്യമന്ത്രി
നാല് എഫ്‍സിഐ ഗോഡൌണില്‍ നിന്ന് അരിനീക്കം നിലച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍. കൊച്ചിയില്‍ സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ക്രിസ്മസിന് സപ്ലൈകോയില്‍ അരി വിതരണത്തിനായി പ്രത്യേക കൌണ്ടറുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ, കൊല്ലം, കോട്ടയം, അങ്കമാലി എന്നീ എഫ്സിഐ ഗോഡൌണില്‍ നിന്നാണ് പ്രധാനമായും അരി നീക്കം നിലച്ചത്. യൂണിയനുകള്‍ കൂടുതല്‍ അട്ടിക്കൂലി ആവശ്യപ്പെടുന്നതാണ് പ്രധാന കാരണമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സര്‍ക്കാര്‍ അട്ടിക്കൂലി നല്‍കുന്നതില്‍ പ്രായോഗിക പ്രശ്നമുണ്ടെന്നും പരിഗണിക്കാമെന്നും ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നതാണ്. പ്രശ്നപരിഹാരത്തിനായി ഒരു മാസത്തെ സാവകാശവും ആവശ്യപ്പെട്ടു. എന്നാല്‍ സ്വതന്ത്ര യൂണിയനായ ജന വര്‍ക്കേഴ്സ് യൂണിയനാണ് ഇക്കാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്നത്. എഫ്സിഎയില്‍ കൂടുതലും ജന വര്‍ക്കേഴ്സ് യൂണിയനിലുള്ള തൊഴിലാളികളാണ്. 2100 രൂപവരെ അട്ടിക്കൂലി വേണമെന്നാണ് ഇവരുടെ പുതിയ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ന്യായമായ ആവശ്യമാണെങ്കില്‍ പാവങ്ങളുടെ അരി വെച്ച് വില പറയാന്‍ ഏത് തൊഴിലാളിയാണെങ്കിലും അംഗീകരിക്കില്ല. ഇത്തവണ അരി വിതരണത്തിനായി സപ്ലൈകോയില്‍ പ്രത്യേക കൌണ്ടറുകള്‍ തുറക്കും. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ സപ്ലൈകോയുടെ ക്രിസ്മസ് മെട്രോ ഫെസ്റ്റുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും അഴിമതി കണ്ടാല്‍ സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.