ആറന്മുളയിലെ ജലസ്രോതസുകള്‍ പുനസ്ഥാപിക്കല്‍: മണ്ണ് നീക്കം മുടങ്ങിക്കിടക്കുന്നു
കോടതി ഉത്തരവ് നടപ്പായില്ല;കൃഷിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലാകും
ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്നിരുന്ന ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം പൂര്‍ണമായും നിലച്ചു. വിമാനത്താവള പദ്ധതിക്കായി നികത്തിയ വലിയതോടും നീര്‍ച്ചാലുകളും പുനഃസ്ഥാപിക്കുന്ന പണികളാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. കോടതി ഉത്തരവിറങ്ങിയിട്ട് രണ്ട് വര്‍ഷമായിട്ടും ജലസ്രോതസ്സുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്ന നടപടികള്‍ തടസപ്പെട്ട് കിടക്കുകയാണ്.
ആറേക്കറോളം സ്ഥലത്തായി ഒരുലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്ത് ആറന്മുള പുഞ്ചയിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കാനാണ് കോടതി ഉത്തരവുള്ളത്. കോടതി അലക്ഷ്യനടപടികള്‍ നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ പദ്ധതിപ്രദേശത്തെ മുന്‍ ഭൂവുടമ എബ്രഹാം കലമണ്ണിലുമായി ജില്ലാഭരണകൂടം തോട് പുനഃസ്ഥാപിക്കാനായി കരാറിലെത്തിയിരുന്നു. എന്നാല്‍ എബ്രഹാം കലമണ്ണില്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിട്ട് മാസങ്ങളായിട്ടും ജില്ലാഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ആക്ഷേപം ശക്തമാവുകയാണ്.
കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ തന്നെ നേരിട്ടെത്തി നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല . നീരൊഴുക്ക് പുനഃസ്ഥാപിക്കാതെ വന്നാല്‍ ആറന്മുള പുഞ്ചയില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലാകും. കെജിസ് ഗ്രൂപ്പ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതിനുള്ള ലാന്റ് ബോര്‍ഡ് രൂപീകരണവും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.