കണ്‍സ്യൂമര്‍ഫെഡില്‍ വീണ്ടും അഴിമതിക്ക് നീക്കം
അഴിമതിക്കേസില്‍ രണ്ട് തവണ സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സോണല്‍ മാനേജരായി തിരിച്ചെടുത്തു...
കണ്‍സ്യൂമര്‍ഫെഡില്‍ വീണ്ടും അഴിമതിക്ക് നീക്കം. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സോണല്‍ മാനേജരായി നിയമിച്ചു. യൂണിറ്റുകളിലും ഗോഡൗണുകളിലും സിഐടിയു യൂണിയനുകളില്‍പ്പെട്ട കണ്‍സോലിഡേറ്റഡ് ജീവനക്കാര്‍ക്ക് ചുമതല നല്‍കി കൊണ്ടും ഉത്തരവിറക്കി. സ്ഥിരം ജീവനക്കാര്‍ ഉണ്ടെന്നിരിക്കെയാണ് സ്ഥാപനങ്ങളുടെ ചുമതല കണ്‍സോലിഡേറ്റഡ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി കൊണ്ടും പുതിയ ഭാരവാഹിത്വങ്ങള്‍ നല്‍കി കൊണ്ടും ഇക്കഴിഞ്ഞ ആഴ്ച്ച കണ്‍സ്യൂമര്‍ഫെഡില്‍ ഇറങ്ങിയ ഉത്തരവാണിത്. റീജണല്‍ മാനേജര്‍മാരുടെ പേരിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിന്റെ മറവിലാണ സിഐടിയു യൂണിയനില്‍ ഉള്‍പ്പെട്ട് കണ്‍സോലിഡേറ്റഡ് ജീവനക്കാരെ പല യൂണിറ്റുകളുടേയും തലപ്പത്തേക്ക് കൊണ്ട് വന്നിരിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ കരിക്കോട്, പത്തനാപുരം പുനലൂര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട ഗോഡൗണുകളില്‍ വരെ ഇത്തരത്തില്‍ കണ്‍സോലിഡേറ്റഡ് ജീവനക്കാര്‍ക്കാണ് ചുമതല. സ്ഥിരം ജീവനക്കാരുടെ അഭാവമാണ് ഇത്തരത്തിലുളള നിയമനത്തിന് കാരണമെന്നാണ് വിശദീകരണം. എന്നാല്‍ സ്ഥിരം ജീവനക്കാരെ കൂട്ടത്തോടെ ഏതാനം യൂണിറ്റുകളില്‍ കുത്തി നിറച്ചിരിക്കുന്നതും രേഖകള്‍ വ്യക്തമാക്കുന്നു.
സ്വജനപക്ഷപാതം ഇവിടെയും അവസാനിക്കുന്നില്ല. അഴിമതിക്കേസില്‍ രണ്ട് തവണ സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സോണല്‍ മാനേജരായി തിരിച്ചെടുത്തു കൊണ്ടും ഉത്തരവിറങ്ങിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ അഴിമതി അന്വേഷിക്കാനെത്തിയ സംഘത്തെ കൈയ്യേറ്റം ചെയ്ത കേസില്‍ വരെ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ് ചീഫ് സോണല്‍ മാനേജരായി നിയമിക്കപ്പെട്ടിരിക്കുന്നത്. നീതി വിതരണത്തിലെ തട്ടിപ്പുകളുടെ പേരിലായിരുന്നു നേരത്തെ ഈ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലായത്.