മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

Update: 2017-11-15 22:59 GMT
Editor : Sithara
മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
Advertising

സോളാര്‍ വിഷയത്തില്‍ മന്ത്രിസഭയിലുണ്ടായ ഭിന്നതയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.

മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത് പോകുന്നതിലാണ് എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. സോളാര്‍ വിഷയത്തില്‍ മന്ത്രിസഭയിലുണ്ടായ ഭിന്നതയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.

Full View

കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ തുടരന്വേഷണത്തില്‍ വീണ്ടും നിയമോപദേശം തേടുന്നതില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമമന്ത്രി എ കെ ബാലനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമാണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. വീണ്ടും നിയമോപദേശം തേടാനുളള തീരുമാനം സര്‍ക്കാരിന് ക്ഷീണമാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞപ്പോള്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടത്. നിയമമന്ത്രി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച വാര്‍ത്ത പുറത്ത് വന്നത് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രിയുടെ ചൊടിപ്പിച്ചത്.

മന്ത്രിസഭയിലെ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് പോവുന്നത് ശരിയായ രീതിയല്ലെന്നും ഈ നടപടി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് പോലും ചില മന്ത്രിമാര്‍ കൂട്ടാക്കാതിരുന്നത് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത് മൂലമാണെന്നാണ് സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News