മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്
സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശം സംബന്ധിച്ച് സംയോജിത കൌണ്‍സിലിങ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും.
സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശം സംബന്ധിച്ച് സംയോജിത കൌണ്‍സിലിങ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജെയിംസ് കമ്മിറ്റി അടിയന്തര യോഗം ചേരും.
സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശം ഏറ്റെടുത്തുള്ള സര്‍ക്കാറിന്റെ പുതിയ ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തിലാണ് ജെയിംസ് കമ്മിറ്റി ഇന്ന് അടിയന്തരമായി യോഗം ചേരുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ കരാറനുസരിച്ച് ചില മാനേജ്മെന്റുകള്‍ക്ക് പ്രവേശനത്തിന് ജെയിംസ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പ്രവേശം മുഴുവന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയ പശ്ചാത്തലത്തില്‍ പ്രോസ്പെക്ടസുകള്‍ക്ക് അംഗീകാരം നല്‍കിയ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കോളജുകളിലെ പ്രവേശത്തിലെ അവ്യക്തത സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ആലോചിക്കും.
ജസ്റ്റിസ് ജെയിംസ് അധ്യക്ഷനായ ഫീസ് റെഗുലേറ്ററി കമ്മിറ്റിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, നിയമ വകുപ്പ് സെക്രട്ടറി, എന്‍ട്രന്‍സ് കമ്മീഷണര്‍ എന്നിവരാണുള്ളത്. നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ പ്രത്യേക പട്ടികയുണ്ടാക്കല്‍, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ഥികളുടെ ക്വാട്ട, ഇവരുടെ ഒപ്ഷന്‍ രജിസ്ട്രേഷന്‍, അലോട്മെന്റ്, ഫീസ് എന്നിവയുടെ മാനദണ്ഡങ്ങള്‍ യോഗം ചര്‍ച്ച ചെയ്തേക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംയോജിത കൌണ്‍സിലിങ് മാനണ്ഡങ്ങള്‍ വിശദീകരിക്കുന്ന പുതിയ ഉത്തരവും സര്‍ക്കാര്‍ ഇറക്കും.