ലോ അക്കാദമി സമരത്തിന്റെ നാള്‍വഴിയിലൂടെ
സമീപകാലത്ത് കേരളം കണ്ടിട്ടില്ലാത്ത വിദ്യാര്‍ത്ഥി സമരത്തിനാണ് തിരുവനന്തപുരം ലോ അക്കാദമി സാക്ഷ്യം വഹിച്ചത്.
സമീപകാലത്ത് കേരളം കണ്ടിട്ടില്ലാത്ത വിദ്യാര്‍ത്ഥി സമരത്തിനാണ് തിരുവനന്തപുരം ലോ അക്കാദമി സാക്ഷ്യം വഹിച്ചത്. 29 ദിവസം നീണ്ട സമരത്തില്‍ എസ്എഫ്ഐ ഒഴികെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒന്നിച്ചുനിന്നു. വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയും സ്വാധീനിക്കാവുന്നവരെയൊക്കെ ഒപ്പം നിര്‍ത്തിയും മാനേജ്മെന്റ് നടത്തിയ നീക്കങ്ങളെയെല്ലാം വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തി. തുടക്കത്തില്‍ മാധ്യമങ്ങളും അവഗണിച്ച സമരത്തെ മീഡിയവണ്‍ ആണ് പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചത് .
പാമ്പാടി നെഹ്റു കോളേജില്‍ ആത്ഹത്യ ചെയ്ത ജിഷ്ണു പ്രണോയിയെ അനുസ്മരിക്കുന്നതിന് ലക്ഷ്മി നായര്‍ അനുമതി നിഷേധിച്ചതോടെയാണ് ഐതിഹാസികമായ ലോ അക്കാദമി സമരത്തിന് ജനുവരി 11 ന് തുടക്കമാകുന്നത്. കെഎസ്‍യുവാണ് ആദ്യം സമരവുമായി രംഗത്ത് വന്നത്. തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന മുദ്യാവാക്യത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മാറി. കെഎസ്‍യുവിന് പിന്നാലെ എഐഎസ്‍എഫ്, എബിവിപി, എംഎസ്എഫ് സംഘടനകളും സമര രംഗത്തെത്തി.
ജനുവരി 15
ലോ അക്കാദമിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ജനുവരി 17
കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സമരരംഗത്ത്. പിന്നാലെ ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന ശബ്ദരേഖകള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടു
ജനുവരി 21
അക്കാദമിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ എട്ട് അംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. ജനുവരി 23 ന് നടന്ന ഉപസമിതി തെളിവെടുപ്പില്‍ ലക്ഷമിനായര്‍ക്കെതിരെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.
ജനുവരി 25
സമരം ഏറ്റെടുത്ത് ബിജെപി നേതാവ് വി മുരളീധരന്‍ നിരാഹാരം ആരംഭിച്ചു.
ജനുവരി 28
ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റില്‍ വച്ചു. തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനം സര്‍ക്കാരിന് വിട്ടു
ജനുവരി 30
സമരവേദി സന്ദര്‍ശിച്ച വിഎസ് അക്കാദമിയിലെ അധികഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു
ജനുവരി 31
ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷം മാറിനില്‍ക്കുമെന്ന ധാരണയുണ്ടായി. എസ്എഫ്ഐ സമരത്തില്‍ നിന്ന് പിന്മാറി
ഫെബ്രുവരി 2
സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നിരാഹാരം ആരംഭിച്ചു
ഫെബ്രുവരി നാല്
വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം. ഭുമി പ്രശ്നത്തില്‍ വിഎസും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍.
ഫെബ്രുവരി 5
അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു
ഫെബ്രുവരി 6
മുഖ്യമന്ത്രിക്കെതിരെ സിപിഐ മുഖപത്രത്തില്‍ ലേഖനം വന്നതോടെ സിപിഐയും സിപിഎമ്മും രണ്ട് തട്ടില്‍
ഫെബ്രുവരി 7
വിദ്യാര്‍ത്ഥിയുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മഹത്യാ ഭീഷണി. സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു
ഫെബ്രുവരി എട്ട്
പുതിയ പ്രിന്‍സിപ്പാളിനെ ഉടനടി നിയമിക്കാമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉറപ്പ് നല്‍കിയതോടെ സമരം ഒത്തുതീര്‍ന്നു