കാലവര്‍ഷം വയനാട്ടില്‍ ദുരിതം വിതയ്ക്കുന്നു
രണ്ടു ദിവസം മുന്‍പാണ് വയനാട്ടില്‍ മഴ ശക്തിപ്രാപിച്ചത്. പുഴകളില്‍ നീരൊഴുക്ക് കൂടിയതോടെ, പുഴയോടു ചേര്‍ന്നുള്ള കോളനികളില്‍ വെള്ളം കയറി തുടങ്ങി
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ, വയനാട്ടില്‍ ദുരിതവും തുടങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ, നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.
രണ്ടു ദിവസം മുന്‍പാണ് വയനാട്ടില്‍ മഴ ശക്തിപ്രാപിച്ചത്. പുഴകളില്‍ നീരൊഴുക്ക് കൂടിയതോടെ, പുഴയോടു ചേര്‍ന്നുള്ള കോളനികളില്‍ വെള്ളം കയറി തുടങ്ങി. നിലവില്‍ ബത്തേരി താലൂക്കില്‍ മൂന്നും വൈത്തിരി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 27 കുടുംബങ്ങളിലെ 99 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു വേണ്ട സൌകര്യങ്ങളെല്ലാം ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്.
മഴക്കാലത്ത് സ്ഥിരമായി മാറ്റിപ്പാര്‍പ്പിയ്ക്കുന്ന കോളനിയിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ ക്യാംപുകളില്‍ എത്തിച്ചിട്ടുള്ളത്. പുല്‍പള്ളി പാളക്കൊല്ലി കോളനിയിലെ 14 കുടുംബങ്ങള്‍ കഴിയുന്നത് വിജയ എല്‍പി സ്കൂളിലാണ്. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ 55 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. 7,81,700 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ജില്ലയിലെ 157 കര്‍ഷകരുടെ 25.2 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച്, 62,62,500 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.