വിഴിഞ്ഞം തുറമുഖം വീണ്ടും നിയമക്കുരുക്കില്‍
പാരിസ്ഥിതിക അനുമതി ശരിവെച്ച ഉത്തരവ് ഹരിതട്രൈബ്യൂണല്‍ പുനപ്പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിനും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസ്
വിഴിഞ്ഞം തുറമുഖത്തിന്‍റെ പാരിസ്ഥിതിക അനുമതി ശരിവെച്ച ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശി വില്‍ഫ്രഡ് നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ട്രൈബ്യണല്‍ നോട്ടീസയച്ചു. നോട്ടീസില്‍ രണ്ടാഴ്ച്ചക്കം മറുപടി നല്‍കാന്‍ നിര്‍ദേശം. ഹരജി നവംബര്‍ 31ന് വീണ്ടും പരിഗണിക്കും.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വനം പരിസ്ഥി മന്ത്രാലം നല്‍കിയ പാരിസ്ഥിതിക അനുമതി ശരിവെച്ച് കഴിഞ്ഞ സെപ്തംബര്‍ 09നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ വിഴഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ നിയമപ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശി വില്‍ഫ്രഡ് നല്‍കിയ പുനപ്പരിശോധന ഹരജിയിയില്‍ വാദം കേള്‍ക്കാന്‍ ട്രൈബ്യൂണല്‍ തീരുമാനിച്ചതോടെ തുറമുഖം വീണ്ടും നിയമക്കുരുക്കില്‍ അകപ്പെടുകകയാണ്. 2011ല്‍ തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞത്തെ പ്രകൃതി രമണീയ പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹരജിക്കാരന്‍ നേരത്തെ നല്‍കിയ ഹരജി വിഴിഞ്ഞം കേസിനൊപ്പം ചേര്‍ത്ത് വാദം കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമ വിധിയില്‍ ഭേദഗതി ശരിയാണോ തെറ്റാണോ എന്നകാര്യത്തില്‍ പരമാര്‍ശങ്ങളൊന്നുമില്ല.
ഇത് വിധിയിലുണ്ടായ വീഴ്ചയാണെന്നാണ് ഹരജിയിലെ പ്രധാന വാദം. ഇത് കണക്കിലെടുത്താണ് പുനപ്പരിശോധന ഹരജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയും, സംസ്ഥാന സര്‍ക്കാരിനും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസയക്കുകയും ചെയ്തത്. രണ്ടാഴ്ച്ചക്കകം, സംസ്ഥാന സര്‍ക്കാരും, പരിസ്ഥിതി മന്ത്രാലയവും നോട്ടീസിന് മറുപടി നല്‍കണം. ശേഷം നവംബര്‍ മുപ്പതിന് ഹരജിയില്‍ ട്രൈബ്യൂണല്‍ വിശദമായ വാദം കേള്‍ക്കും