കൊടുവള്ളിയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന് ആരോപണം

Update: 2017-12-19 01:29 GMT
Editor : admin
Advertising

ബോര്‍ഡുകള്‍ സ്ഥാപിച്ച വാടകയിനത്തില്‍ നഗരസഭക്ക് വരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇടതു കൗണ്‍സിലര്‍മാരുടെ ആരോപണം. സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി...

കൊടുവള്ളി ബസ് സ്റ്റാന്റിലും നഗരസഭാ കെട്ടിടത്തിലും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. ബോര്‍ഡുകള്‍ സ്ഥാപിച്ച വാടകയിനത്തില്‍ നഗരസഭക്ക് വരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇടതു കൗണ്‍സിലര്‍മാരുടെ ആരോപണം. സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി.

കൊടുവള്ളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിലുള്ള പരസ്യ ഏജന്‍സിയുമായി നാലു വര്‍ഷം മുമ്പ് കരാറിലേര്‍പ്പെട്ടിരുന്നു. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കാമെന്നാണ് ചട്ടം. ഇത് മറികടന്ന് പഞ്ചായത്ത് അധികൃതര്‍ നാലു വര്‍ഷത്തേക്ക് കരാര്‍ കൊടുത്തതിനു പിന്നില്‍ അഴിമതി നടന്നതായാണ് ആരോപണം. കൊടുവളളി പഞ്ചായത്ത് നഗരസഭയായതിനു ശേഷവും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ക്രമക്കേടുകള്‍ നടന്നതായാണ് പരാതി.

രണ്ട് മാസം മുമ്പ് സ്ഥാപിച്ച പരസ്യ ബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിന് നഗരസഭാ സെക്രട്ടറി കത്തു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മൂന്നു മാസത്തേക്കുള്ള വാടക പരസ്യ ഏജന്‍സിക്ക് നല്‍കിയിരുന്നതായി സ്ഥാപനം മറുപടി നല്‍കി. ഈ വര്‍ഷം പരസ്യം സ്ഥാപിക്കാനുള്ള അനുമതി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് നഗരസഭയില്‍ നിന്നുള്ള വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തം. അനുമതിയില്ലാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനു പിന്നിലെ ക്രമക്കേട് പുറത്തു കൊണ്ടു വരണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News