സ്വാശ്രയ മെഡിക്കല്‍ പ്രവേശം: മെറിറ്റ് സീറ്റിലുള്‍പ്പടെ 30ശതമാനം ഫീസ് വര്‍ധിച്ചു
അതേസമയം കോടതി വിധി തിരിച്ചടിയായിട്ടും വലിയ പരിക്കില്ലാതെ ധാരണയിലെത്താനായി എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
മെറിറ്റ് സീറ്റിലുള്‍പ്പെടെ മുപ്പത് ശതമാനം ഫീസ് വര്‍ധിപ്പിച്ചാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ധാരണ ഉണ്ടാക്കിയത്. വിഷയം കോടതി കയറിയതോടെ ഇത്തവണത്തെ മെഡിക്കല്‍ പ്രവേശ നടപടികള്‍ വൈകുകയും ചെയ്തു. അതേസമയം കോടതി വിധി തിരിച്ചടിയായിട്ടും വലിയ പരിക്കില്ലാതെ ധാരണയിലെത്താനായി എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം 1,80,000 രൂപ ഫീസ് വാങ്ങിയിരുന്ന 30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസ് രണ്ടര ലക്ഷം രൂപയായാണ് വര്‍ധിച്ചത്. സര്‍ക്കാര്‍ മെറിറ്റില്‍ പഠിക്കാന്‍ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അറുപത്തി അയ്യായിരം രൂപ കൂടി അധികം നല്‍കാനായാല്‍ മാത്രമേ ഈ സീറ്റുകളില്‍ പ്രവേശം സാധ്യമാകൂ. മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസിന്റെ കാര്യത്തിലും വലിയ വര്‍ധനവാണ് ഉണ്ടായത്. എട്ടര ലക്ഷം രൂപ 11 ലക്ഷം രൂപയായി വര്‍ധിച്ചു. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും അഞ്ചോ പത്തോ ശതമാനം മാത്രം ഫീസ് വര്‍ധന മതിയാകുമായിരുന്നിടത്ത് മുപ്പത് ശതമാനത്തിലധികം ഫീസാണ് വര്‍ധിച്ചത്.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വന്‍ സാമ്പത്തിക ലാഭത്തിനാണ് ഇതുവഴി കളമൊരുങ്ങുന്നത്. ഫസ് വര്‍ധന വഴി മാത്രം ഓരോ കോളജും ഒന്നരകോടിയിലധികം രൂപയുടെ അധിക വരുമാനമുണ്ടാക്കും. ദന്തല്‍ സീറ്റുകളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. മെഡിക്കല്‍ വിഷയം കോടതി കയറുകയും വിധി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാവുകയും ചെയ്തതോടെയാണ് ഫീസ് വര്‍ധനക്കായി സര്‍ക്കാറിന് വഴങ്ങേണ്ടി വന്നത്. ഇതോടെ കഴിഞ്ഞ മാസം 22ന് തുടങ്ങേണ്ട പ്രവേശ നടപടികള്‍ ഒരാഴ്ചയിലധികം വൈകുകയും ചെയ്തു. എന്നാല്‍ കോടതി വിധി പ്രതികൂലമായിട്ടും മുഖം രക്ഷിക്കാനായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.