വിജയതീരമണഞ്ഞ് അനില്‍ അക്കര
ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങിയ വോട്ടെണ്ണല്‍, അപ്രതീക്ഷിതമായ യന്ത്രതകരാര്‍, മണിക്കൂറുകള്‍ നീണ്ട അനശ്ചിതത്വവും നാടകീയതയും.
ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങിയ വോട്ടെണ്ണല്‍, അപ്രതീക്ഷിതമായ യന്ത്രതകരാര്‍, മണിക്കൂറുകള്‍ നീണ്ട അനശ്ചിതത്വവും നാടകീയതയും. ഒടുവില്‍ 43 വോട്ടിന് യുഡിഎഫിലെ അനില്‍ അക്കരക്ക് വിജയം. തൃശ്ശൂര്‍ ജില്ലയിലെ യുഡിഎഫിന്റെ ആശ്വാസ വിജയം. ഇതായിരുന്നു വടക്കാഞ്ചേരിയെ ശ്രദ്ദേയമാക്കിയത്.
വടക്കാഞ്ചേരി മണ്ഡലത്തില്‍ എല്‍ഡിഎഫിലെ മേരിതോമസിന്റെയും, യുഡിഎഫിലെ അനില്‍ അക്കരയുടെയും ഭൂരിപക്ഷം മാറിമാറിയുന്ന ഘട്ടത്തിലാണ് 91 ാം നമ്പര്‍ ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായത്. പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണി തീര്‍ന്നപ്പോള്‍ അനില്‍ അക്കരയുടെ ഭൂരിപക്ഷം 3 ലേക്ക് ചുരുങ്ങി. അതോടെ തകരാറിലായ വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകള്‍ നിര്‍ണായകമായി. യന്ത്രതകരാര്‍ പരിഹരിക്കുവാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിലായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. കൈപ്പറമ്പ് പഞ്ചായത്തിലെ 91 ാം നമ്പര്‍ ബൂത്തില്‍ ഭൂരിപക്ഷം തങ്ങള്‍ക്കായിരിക്കുമെന്ന് ഇരുവിഭാഗവും അവകാശപെട്ടു. ഒടുവില്‍ യന്ത്രതകരാര്‍ പരിഹരിച്ച് വോട്ടെണ്ണലിന് അനുമതി ലഭിക്കുമ്പോള്‍ സമയം ഏഴര. പത്ത് മിനിറ്റിനുള്ളില്‍ ഫല പ്രഖ്യാപനം. 43 വോട്ടുകള്‍ക്ക് യുഡിഎഫിന് വിജയം.
എന്നാല്‍ റീ പോളിങ്ങ് വേണമെന്നായിരുന്നു എല്‍ഡിഎഫിന്റെ ആവശ്യം. 2011 ല്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ 6685 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് വടക്കാഞ്ചേരി. കെപിഎസി ലളിതയെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുവാന്‍ നിശ്ചയിച്ചതും പിന്‍മാറ്റവും വിവാദമായിരുന്നു.