സിപിഐ മന്ത്രി പട്ടികയില്‍ പുതുമുഖങ്ങള്‍; മുല്ലക്കരയും ദിവാകരനുമില്ല
വി എസ് സുനില്‍ കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു എന്നിവരുടെ പേരുകളാണ് പരിഗണനയില്‍
മുതിര്‍ന്ന നേതാക്കളായ സി ദിവാകരനെയും മുല്ലക്കര രത്നാകരനെയും ഒഴിവാക്കി സിപിഐയുടെ മന്ത്രിപ്പട്ടിക. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. ഇ ചന്ദ്രശേഖരന്‍ നിയമസഭ കക്ഷി നേതാവാകും. വി ശശിയാണ് ഡെപ്യൂട്ടി സ്പീക്കര്‍.
ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, അഡ്വ കെ രാജു എന്നിവരാണ് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയോഗം തയ്യാറാക്കിയ പട്ടിക സംസ്ഥാന കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. പരിചയ സമ്പന്നരായ ദേശീയ കൌണ്‍സില്‍ അംഗം സി ദിവാകരന്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാന കൌണ്‍സിലിന്റെ പിന്തുണയുണ്ടായില്ല. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ വേണമെന്ന മാനദണ്ഡമനുസരിച്ചാണ് ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനും തൃശൂര്‍ എംഎല്‍എ വിഎസ് സുനില്‍കുമാറും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പാര്‍ട്ടിയുടെ പ്രതീക്ഷിച്ചക്കൊത്ത പ്രവര്‍ത്തനമുണ്ടാകുമെന്ന് ഇരുവരും മീഡിയവണിനോട് പറഞ്ഞു. പുനലൂര്‍ എംഎല്‍എയാണ് കെ രാജു. പി തിലോത്തമന്‍ ചേര്‍ത്തലയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചിറയിന്‍കീഴ് എംഎല്‍എയാണ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട വി ശശി.