കാലിയായ എടിഎമ്മുകളില്‍ പണം നിറച്ചു
തുടർച്ചയായ അവധി ദിവസങ്ങളെ തുടർന്നാണ് എടിഎം കാലിയായത്
സംസ്ഥാനത്തെ കാലിയായ എടിഎമ്മുകളിൽ പണം നിറച്ചു. തുടർച്ചയായ അവധി ദിവസങ്ങളെ തുടർന്നാണ് എടിഎം കാലിയായത്. സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്നാണ് എടിഎമ്മുകളിൽ പണം നിറച്ചത്.
അവധി തുടങ്ങി രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് മിക്ക ബാങ്കുകളിലെയും എടിഎമ്മുകളിൽ പണം തീർന്നിരുന്നു. ജനങ്ങൾ പരാതി ഉന്നയിച്ചതോടെ പ്രശ്നത്തിൽ സർക്കാർ ഇടപെടുകയായിരുന്നു. എടിഎമ്മുകൾ കാലിയാകുന്നത് ഒഴിവാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് സർക്കാർ അവശ്യപ്പെട്ടു. ഇതോടെയാണ് കാലിയായ എടിഎമ്മുകളിൽ അടിയന്തരമായി പണം നിറക്കാൻ എസ്ബിഐ ഉൾപ്പടെയുളള ബാങ്കുകൾ ശാഖകൾക്ക് നിർദേശം നൾകിയത്. ഉച്ചയോടെ തന്നെ മുഴുവൻ എടിഎമ്മുകളിലും പണം നിറച്ചുകഴിഞ്ഞു.
ശാഖകൾക്ക് കീഴിലുളള എടിഎമ്മുകളിൽ അതത് ശാഖകളിലെ ജീവനക്കാർ തന്നെയാണ് പണം നിറച്ചത്. ശാഖകളുമായി നേരിട്ട് ബന്ധമില്ലാത്ത എടിമ്മുകളിൽ പണം നിറക്കാൻ സ്വകാര്യ ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടർ അവധിക്ക് ശേഷം ഇനി വ്യാഴാഴ്ച മാത്രമേ ബാങ്കുകൾ തുറക്കുകയുളളു.