ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍
അറസ്റ്റിലായ വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫയെ മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറി
കണ്ണൂരില്‍ ഐ.എസ് ബന്ധം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് അറസ്റ്റിലായത്. കേരള പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ മുംബൈ പോലീസാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.
വയനാട് കമ്പളക്കാട് ഒന്നാം മൈല്‍ സ്വദേശിയായ മുഹമ്മദ് ഹനീഫയെ ശനിയാഴ്ച രാവിലെ പെരിങ്ങത്തൂരില്‍ വെച്ചാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദനും സംഘവും കസ്റ്റഡിയിലെടുത്തത്. ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേക്ഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇയാളെ കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഹനീഫയെ മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി.
ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് മുംബൈയില്‍ കസ്റ്റഡിയിലായ അഷ്ഫാക്കിന്റെ പിതാവ് നല്കിയ പരാതിയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വടകര, പടന്ന, തിരുവളളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുമ്പ് ഹനീഫ മതപഠന ക്ലാസുകള്‍ നടത്തിയിരുന്നു. ഈ ക്ലാസില്‍ പങ്കെടുത്തവരാണ് കാസര്‍കോഡു നിന്നടക്കം ഐ.എസിനൊപ്പം ചേര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.
ഹനീഫയുടെ സ്വാധീനമാണ് അഷ്ഫാക്ക് ഐ.എസില്‍ ചേരാന്‍ കാരണമെന്ന് ആരോപിച്ചായിരുന്നു അഷ്ഫാക്കിന്റെ പിതാവ് മുംബൈ പോലീസില്‍ പരാതി നല്കിയത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം രാത്രിയോടെ ഹനീഫയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോയി.