സ്വന്തംനിലക്ക് പ്രവേശം നടത്താനൊരുങ്ങി മെഡിക്കല്‍ മാനേജ്മെന്റുകള്‍
സര്‍ക്കാരും മാനേജുമെന്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് സ്വന്തം നിലക്ക്‍ പ്രവേശം നടത്താനുളള തീരുമാനവുമായി മാനേജുമെന്റുകള്‍ മുന്നോട്ട് പോകുന്നത്.
മെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കാന്‍ മാനേജ്മെന്റുകളുടെ തീരുമാനം. സ്വന്തംനിലക്ക് പ്രവേശം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബുധനാഴ്ച വിജ്ഞാപനമിറക്കുന്നത്. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ പിന്‍ബലത്തില്‍ ആ മാനേജുമെന്റുകള്‍ പ്രവേശ നടപടികള്‍ ആരംഭിച്ചു.
സര്‍ക്കാരും മാനേജുമെന്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് സ്വന്തം നിലക്ക്‍ പ്രവേശം നടത്താനുളള തീരുമാനവുമായി മാനേജുമെന്റുകള്‍ മുന്നോട്ട് പോകുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനവുമായി മുന്നോട്ട് പോകാന്‍ മാനേജ്മെന്‍റുകള്‍ ധാരണയായി. ബുധനാഴ്ചയാണ് മെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറങ്ങുക. കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ കരാറിന്റെ പിന്‍ബലത്തില്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ഇതിനകം പ്രവേശ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പതിനയ്യായിരത്തിലധികം അപേക്ഷകളാണ് ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലുളള സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. ചില മാനേജുമെന്‍റുകള്‍ രഹസ്യമായി പണംവാങ്ങി സീറ്റുകള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. പ്രവേശ നടപടികള്‍ ഏറ്റെടുത്തുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനും കഴിഞ്ഞ ദിവസത്തെ മാനേജുമെന്‍റുകളുടെ യോഗത്തില്‍ തീരുമാനമായിരുന്നു. വ്യാഴാഴ്ചയോടെ മുഴുവന്‍ സ്ഥാപനങ്ങളും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കോടതിയെ സമീപിക്കും.