പട്ടയം തിരിമറി നടത്തി കായല്‍ കയ്യേറി; സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ റിസോര്‍ട്ടിനെതിരെ പരാതി
സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി
കോട്ടയത്ത് പട്ടയം തിരിമറി നടത്തി കായലിന് നടുവില്‍ അനധികൃതമായി റിസോര്‍ട്ട് നിര്‍മാണം. വൈക്കം ചെമ്പില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍മ്മിച്ച കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് ആരോപണം. നടപടിക്ക് ജില്ലാ കലക്ടറും തഹസില്‍ദാറും ശിപാര്‍ശ ചെയ്തിട്ടും റവന്യു വകുപ്പ് നടപടിയെടുത്തില്ല. കലക്ടറുടെയും തഹസില്‍ദാറുടെയും റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പ് വില്ലേജില്‍പെട്ട സര്‍വ്വേ നമ്പര്‍ 282/1 എയില്‍പെട്ട ഒരേക്കര്‍ ഭൂമിയിലാണ് പട്ടയ തിരിമറി നടത്തി അനധികൃതമായി റിസോര്‍ട്ട് നിര്‍മ്മിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഭൂമിയിലെന്ന് കാട്ടി വൈക്കം സ്വദേശിയായ തുളസിയെന്ന വ്യക്തി സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് 15-1-2017ല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് കായല്‍ പുറമ്പോക്കായ ഈ ഭൂമി പതിച്ച് നല്‍കി. പട്ടയം നല്‍കുന്നതിന്റെ അസൈന്‍മെന്റ് ഓര്‍ഡര്‍ പ്രകാരം 10 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഇതെല്ലാം ലംഘിച്ച് 18-8-2008ല്‍ തുളസി ഇത് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്ക്ക് തീറാധാരമായി കൈമാറി.
പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ നിയമലംഘനം കണ്ടെത്തുകയും നടപടിക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തു. ഈ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
സന്തോഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിച്ച ഈ റിസോര്‍ട്ടില്‍ ഇപ്പോള്‍ മറ്റൊരു വ്യക്തി ആയുര്‍വേദ റിസോര്‍ട്ട് നടത്തുകയാണ്. അതേസമയം പരാതി വ്യാജമാണെന്നാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നത്.