പാറ്റൂര്‍ ഭൂമിക്കേസ്: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
15 ദിവസത്തിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
പാറ്റൂര്‍ ഭൂമിക്കേസില്‍ വിജിലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. ലോകായുക്തയുടെ കയ്യിലാണ് കേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളെന്ന വിശദീകരണമാണ് വിജിലന്‍സ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണണ്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഒരേ കാര്യത്തിന് രണ്ടാം തവണയാണ് വിജിലന്‍സ് കോടതിയുടെ വിമര്‍ശം ഏല്‍ക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് കേസ് എടുക്കിന്നില്ലെന്ന ചോദ്യം കോടതി ഇന്നും ആവര്‍ത്തിച്ചു. ലോകായുക്തയുടെ കയ്യിലാണ് ഫയലുകളെന്ന പതിവ് മറുപടി തന്നെയാണ് ലീഗല്‍ അഡ്വൈസര്‍ നല്‍കിയത്. ഈ സമയത്ത് ലോകായുക്തയുടെ കയ്യിലുള്ള ഫയലുകളുടെ കോപ്പി വിഎസ് കോടതിക്ക് കൈമാറി. പാറ്റൂരില്‍ 16 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി ഫ്ലാറ്റ് നിര്‍മ്മിക്കുന്നുവെന്ന ലോകായുക്തയുടെ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടാണ് നല്‍കിയത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തുണ്ടങ്കില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണ്‍ എന്നിവരാണ് ഭൂമി കൈമാറ്റത്തിന് സ്വകാര്യവ്യക്തിക്ക് ഒത്താശ നല്‍കിയതെന്നാണ് വിഎസിന്റെ ആരോപണം. ആരോപണവിധേയരായവര്‍ക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം അഡ്വക്കറ്റ് ജനറല്‍ വിജിലന്‍സിന് നല്‍കിയിട്ടുമുണ്ട്. ലോകായുക്തയുടെ പരിഗണനയിലുള്ള കേസായതിനാല്‍ മുന്‍പ് ലഭിച്ച പരാതിയില്‍ കഴിഞ്ഞ മാസമാണ് വിജിലന്‍സ് കോടതി നടപടികള്‍ തുടങ്ങിയത്.