കത്തുന്ന വേനലില്‍ സൌജന്യ കുടിവെള്ളവുമായി പാലക്കല്‍ ഗ്രൂപ്പ്
കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ യാത്രചെയ്തിരുന്നവര്‍ക്ക് ആശ്വാസമാവുകയാണ് കോഴിക്കോട് മുക്കത്തെ സ്വകാര്യ സ്ഥാപനം.
കത്തുന്ന വേനലിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാവുകയാണ്. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ യാത്രചെയ്തിരുന്നവര്‍ക്ക് ആശ്വാസമാവുകയാണ് കോഴിക്കോട് മുക്കത്തെ സ്വകാര്യ സ്ഥാപനം. സൌജന്യമായാണ് ഇവര്‍ കുടിവെള്ളം ദിവസവും വീടുകളില്‍ എത്തിച്ചുകൊടുക്കുന്നത്.
കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ മൈസൂര്‍ പറ്റ, നിറവ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ളം കിട്ടാന്‍ കുന്നിറങ്ങി കിലോമീറ്ററുകള്‍ നടക്കണം. നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമായാണ് സൌജന്യമായി കുടിവെള്ളമെത്തിക്കാന്‍ പാലക്കല്‍ ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനായി സമീപത്തെ കുളം സ്വകാര്യ വ്യക്തിയില്‍ നിന്ന് വില കൊടുത്തു വാങ്ങി ശുദ്ധീകരിച്ചു. സ്വന്തം വാഹനത്തില്‍ കുടിവെള്ളവിതരണം തുടങ്ങി. കുടിവെള്ളം കുന്നുകയറി വീട്ടിലെത്തുന്നതിന്റെ സന്തോഷം വീട്ടമ്മമാര്‍ മറച്ചുവെച്ചില്ല.
വേനലവസാനിക്കും വരെ കുടിവെള്ളവിതരണം തുടരും. ഈ പങ്കുവെക്കലിനും നന്ദിവാക്കുകള്‍ക്കും സാക്ഷിയായി സര്‍ക്കാര്‍ കുടിവെള്ള പദ്ധതിയുടെ വെള്ളമില്ലാത്ത ടാപ്പുകളും ഇവിടെയുണ്ട്.