കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാധനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ അവസാനഘട്ടമായിട്ടാണ് ബാബുവിനെ ചോദ്യം ചെയ്യുക.
മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. ആദായ നികുതി വകുപ്പില്‍ നിന്നും ബാബുവിന്റെ സ്വത്ത് വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ ഇത് ഉണ്ടായേക്കുമെന്നാണ് സൂചന. അടുത്ത ബന്ധുക്കളുയും ബിനാമികളെന്ന് ആരോപിക്കുന്നവരെയും ചോദ്യം ചെയ്ത് കഴിഞ്ഞ സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കകം ബാബുവിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാധനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ അവസാനഘട്ടമായിട്ടാണ് ബാബുവിനെ ചോദ്യം ചെയ്യുക. ഇതിനായുള്ള ചോദ്യാവലി തയ്യാറാക്കി കഴിഞ്ഞു. ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും നിയമസഭ സെക്രട്ടറിയില്‍ നിന്നും കെ ബാബുവിന്റെ സ്വത്ത് വിരവങ്ങളുടെ വിശദാംശങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇനി ലഭിക്കാനുള്ളത് ആദായ
നികുതി വകുപ്പിലെ വിവരങ്ങളാണ്. ഇത് ഈ ആഴ്ചയില്‍ തന്നെ ലഭിക്കുമെന്നാണ് സൂചന. ഭാര്യയും മക്കളും അടക്കമുള്ള അടുത്ത ബന്ധുകളേയും ബിനാമികളെന്ന് ആരോപിക്കുന്നവരെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ബിനാമിയെന്ന് ആരോപിക്കുന്ന ബാബുറാം നിരവധി ഭൂമി ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കെ ബാബുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാളുടെ സാമ്പത്തിക ശ്രോതസും വിജിലന്‍സ് പരിശോധിച്ച് കഴിഞ്ഞു. ഈ ഇടപാടുകളുമായി കെ ബാബുവിന് എന്തെങ്കലും പങ്കുണ്ടോ എന്നാണ് പ്രധാനമായും വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. നിലവില്‍ എംഎല്‍എ അല്ലാത്ത സാഹചര്യത്തില്‍ മറ്റ് നിയമ തടസങ്ങള്‍ ഒന്നും ബാബുവിനെ ചോദ്യം ചെയ്യുന്നതില്‍ വിജിലന്‍സിന് മുന്‍പില്‍ ഇല്ല. ആയതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യല്‍ നടക്കാനാണ് സാധ്യത.