' സാര്‍ എന്ന് വിളിക്കണ്ട, ബാബുവെന്നോ ബാബുവേട്ടനെന്നോ വിളിച്ചാ മതി'
അന്തരിച്ച എഴുത്തുകാരന്‍ ബാബു ഭരദ്വാജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മീഡിയവണിലെ പ്രോഗ്രാം പ്രൊഡ്യൂസറായ താണു പ്രദീപ്
'എന്നെ ബാബു സാര്‍ എന്ന് നിങ്ങള് വിളിക്കണ്ട, ബാബുവെന്നോ ബാബുവേട്ടനെന്നോ വിളിച്ചാ മതി'- നല്ലൊരു ചിരിയും ഇട്ട് തന്ന് ബാബുവേട്ടന്‍ ഞങ്ങള്‍ ഇരുന്ന കണ്ണാടി കൂട് പോലുള്ള റൂമിന്റെ പുറത്തേക്ക് പോയി. ഈ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ മീഡിയവണിന്റെ തുടക്ക കാലത്തെ ട്രയിനീ പ്രൊഡ്യൂസര്‍മാരാണ്. ഞങ്ങളെ ആദ്യമായി കണ്ട് സംസാരിക്കാന്‍ വന്നതായിരുന്നു ബാബുവേട്ടന്‍.
പണ്ട് എന്റെ സ്‌കൂള്‍ പഠനകാലത്ത് അശ്വമേധം പരിപാടിയില്‍ പാനല്‍ എക്‌സ്‌പെര്‍ട്ടായി ഇരുന്ന് 'അപ്രൂവ്ഡ്' എന്ന് മൈക്കില്‍ വിളിച്ച് പറയുന്ന പരുക്കനായ ഒരു വിദ്വാനായും കോളേജ് പഠനകാലത്ത് എന്റെ ഒരു ചെറുകഥ മാധ്യമം സപ്ലിമെന്റില്‍ അച്ചടിച്ച് വന്നപ്പോള്‍ അതിന് താഴെയുണ്ടായിരുന്ന ഒരു പംക്തിയുടെ എഴുത്തുകാരനായും മാത്രമേ ബാബു ഭരദ്വാജിനെ അറിഞ്ഞിരുന്നുള്ളൂ. ബാബുവേട്ടന്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ആളിനെ കണ്ണാടി ഭിത്തിയുടെ അകത്ത് നിന്ന് നോക്കുമ്പോള്‍ ഞങ്ങളാരും വിചാരിച്ചിരുന്നില്ല ഇത്രമാത്രം ഞങ്ങളെ വലിച്ചടിക്കുന്ന കാന്തമാണ് നടന്നു പോകുന്നതെന്ന്.
സാമ്പത്തികമോ സാമൂഹികമോ എന്തിന് പ്രായപരമായ വേര്‍തിരിവുകള്‍ പോലും ബാബുവേട്ടനില്ലായിരുന്നു. ഞങ്ങള്‍ക്ക് പരിചയമുള്ള അറുപത് കഴിഞ്ഞ ബാബുവേട്ടന്‍ സമപ്രായക്കാരുടെ ഒപ്പമല്ല ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയിലിരുന്ന് കളി തമാശ പറഞ്ഞ് രാഷ്ടീയ സാഹിത്യ കാര്യങ്ങള്‍ പറഞ്ഞ് ബാബുവേട്ടന്‍ ഞങ്ങളെ ഊര്‍ജ്ജിതരാക്കി. അതിനേക്കാളേറെ ഊര്‍ജ്ജവും യുവത്വവും അദ്ദേഹം തന്റെ ഓരോ നരകളിലും നിറച്ചു. സുഹൃത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും 'കോന'യടിക്കുന്ന പോലെ ഞങ്ങളും ബാബുവേട്ടനും എത്രമാത്രം കളിയാക്കല്‍ കളികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്!! എത്രമാത്രം ചളി വാരിയെറിഞ്ഞ് പല്ല് കുത്തിനാറ്റിച്ച് മുഖത്തോടുമുഖം നോക്കി ഗോഷ്ടി കാണിച്ചിട്ടുണ്ട്!!
ബാബുവേട്ടന് പേനകള്‍ ഒരു ദൗര്‍ബല്യമായിരുന്നു. ചില പേനകള്‍ ഞങ്ങളെ കാണിച്ച് സ്‌കൂള്‍ കുട്ടികളെ പോലെ ഊറ്റം കൊണ്ട സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഓര്‍ത്തെടുത്തും കേട്ടറിഞ്ഞുമുള്ള മനുഷ്യകഥകളുടെ രസം ഊറ്റിയെടുത്ത് അദ്ദേഹം പലതരം പേനകളില്‍ ഒഴിച്ച് എഴുതുകയായിരുന്നു. ബാബുവേട്ടനെന്ന വ്യക്തിയെ അടുത്തറിയുന്നതിന് സമാന്തരമായി ബാബു ഭരദ്വാജെന്ന സാഹിത്യകാരനെ ഞാന്‍ വായിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിവാസവും പ്രവാസവും സല്ലാപവും കലാപവുമെല്ലാം ബാബുവേട്ടന്റെ എക്കാലത്തെയും ഇഷ്ട പ്രമേയങ്ങളായി തോന്നിയിട്ടുണ്ട്. കലാപങ്ങളുടെ ഗൃഹപാഠം വായിച്ച് കഴിഞ്ഞ ശേഷം അതിലെ യാഥാര്‍ഥ്യവും ഭാവനയും വേര്‍തിരിച്ചറിയാനുള്ള കൗതുകം മൂത്ത് കുറെ ആഴ്ചകള്‍ ബാബുവേട്ടന്റെ പിറകെ നടന്നിരുന്നു.
ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല പെരുമാറ്റത്തിലും അത് കാത്തുസൂക്ഷിക്കാനുള്ള അപൂര്‍വ്വത ബാബുവേട്ടനുണ്ടായിരുന്നു. താഴെ ജോലിയെടുക്കുന്നവരെ വരുതിക്ക് നിര്‍ത്താന്‍ പ്രയോഗിക്കേണ്ട മാനേജ്‌മെന്റ് അച്ചടക്ക രീതികളൊന്നും ബാബുവേട്ടന് അറിയില്ലായിരുന്നു. അതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളെ പണിയെടുപ്പിക്കാനായി സമ്മര്‍ദ്ദം ചെലുത്താനോ ചീത്ത പറയാനോ ശ്രമിച്ചിട്ടില്ല. ബാബുവേട്ടനും ബാക്കിയൂള്ളവര്‍ക്കുമിടയിലെ അദൃശ്യപാതയില്‍ തിരക്കോ ഹോണ്‍ മുഴക്കങ്ങളോ ഇല്ലാതെ തന്നെ സുഗമസഞ്ചാരം നടന്നിരുന്നു.
അപരിചിതരെ പോലും ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ധാരാളം പ്രതിഭകളെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. ആ ജനുസ്സില്‍ പെട്ട ഒരാളെ നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഒരു നല്ല എഴുത്തുകാരന്റെ ധിഷണയ്ക്കും ഒരു നല്ല പൗരന്റെ രാഷ്ടീയ ബോധത്തിനും മുകളിലായി ബാബു ഭരദ്വാജ് എന്ന ഒരു സാധാരണ മനുഷ്യന്റെ ദൗര്‍ബല്യങ്ങളും വ്യാകുലതകളും ഞങ്ങളില്‍ പലര്‍ക്കും നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ബാബുവേട്ടനെ അടുത്തറിഞ്ഞ ധാരാളം പേര്‍ക്കറിയാം, അവര്‍ക്കും ബാബുവേട്ടനുമിടയില്‍ കണ്ണാടി ഭിത്തികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന്.... അതിലൂടെ കണ്ട കാഴ്ചകള്‍ എത്രത്തോളം സുതാര്യവും സത്യസന്ധവുമായിരുന്നെന്ന്.