കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ ദൌര്‍ബല്യമാണ് അടൂരിലെ കനത്ത തോല്‍വിക്ക് കാരണമെന്ന് കെകെ ഷാജു
25460 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിനാണ് അടൂര്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായ ചിറ്റയം ഗോപകുമാര്‍ ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011ലെ തിരഞ്ഞടുപ്പില്‍ ചിറ്റയത്തിന്‍റെ ഭൂരിപക്ഷം വെറും 607 വോട്ടുകള്‍ മാത്രമായിരുന്നു.
കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ ദൌര്‍ബല്യമാണ് അടൂരിലെ കനത്ത തോല്‍വിക്ക് കാരണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ ഷാജു പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ബിജെപി ആശങ്ക ഇടതുപക്ഷത്തിന് ഗുണകരമായതും തിരിച്ചടിയായി. അതേസമയം അടൂരില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് അപ്രതീക്ഷിതമായ അടിയൊഴുക്കുകളുടെ ഭാഗമാണെന്നും. തോല്‍വിയെക്കുറിച്ച് അന്വേഷിക്കുമെന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജും പ്രതികരിച്ചു.
25460 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിനാണ് അടൂര്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായ ചിറ്റയം ഗോപകുമാര്‍ ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011ലെ തിരഞ്ഞടുപ്പില്‍ ചിറ്റയത്തിന്‍റെ ഭൂരിപക്ഷം വെറും 607 വോട്ടുകള്‍ മാത്രമായിരുന്നു. അതു കൊണ്ടു തന്നെ ഇത്ര കനത്ത പരാജയം നേരിടേണ്ടി വന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ സൃഷ്ടിച്ച അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല. ജെഎസ്എസ് വിട്ടെത്തിയ കെ കെ ഷാജു വിന് സീറ്റ് നല്‍കിയത് ഒരു വിഭാഗം പ്രാദേശിക നേതാക്കളെ പിണക്കിയിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി ആരും പ്രതീക്ഷിച്ചിരുന്നില്ല. സംഘടനാപരമായ വീഴ്ചയാണ് പരാജയ കാരണമെന്നാണ് ഷാജുവിന്‍റെ നിലപാട്.
രണ്ട് പതിറ്റാണ്ടോളം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നയിച്ചിരുന്ന അടൂരിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് സജീവമായിരുന്നിട്ടും, സംവരണ മണ്ഡലമായതോടെ മത്സരത്തിനെത്തിയ പന്തളം സുധാകരന്‍ ഫോട്ടോ ഫിനിഷിലാണ് പരാജയപ്പെട്ടത്. എന്നാല്‍ ഇക്കുറി മികച്ച മത്സരം പോലും കാഴ്ചവെക്കാനാവാതെയാണ് യുഡിഎഫിന് പരാജയം രുചിക്കേണ്ടി വന്നത്. അടൂരില്‍ വിജയിക്കാനാവുമെന്നാണ് കരുതിയിരുന്നതെന്നും കനത്ത തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജും പ്രതികരിച്ചു.