തൊഴിലുറപ്പ് വേതനം എയര്‍ടെല്‍ അക്കൗണ്ടിലേക്ക് പോയി
പിന്നീട് ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ എയര്‍ടെല്‍ പ്രീപെയ്ഡ് കൌണ്ടറില്‍ നിന്ന് ജാനുവിന് 3090 രൂപ മടക്കി നല്‍കി.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച സ്ത്രീയുടെ തൊഴിലുറപ്പ് വേതനം എയര്‍ടെല്‍ ബാങ്കിലേക്ക് പോയതായി പരാതി. കോഴിക്കോട് മരുതാങ്കര പഞ്ചായത്തിലെ ജാനുവിന്റെ വേതനമാണ് എയര്‍ടെല്‍ അക്കൗണ്ടിലേക്ക് അവരറിയാതെ പോയത്. സമാനമായ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി മരുതാങ്കര പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു.
മരുതാങ്കര ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ട് വഴിയാണ് തൂവ്വാട്ട പൊയിലിലെ പാലോറ ജാനുവിന് ഇതുവരെ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ലഭിച്ചിരുന്നത്. എന്നാല്‍ അധാര്‍ നമ്പറിനെ എയര്‍ടെല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ച ശേഷമുള്ള വേതനം ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടിലെത്തിയില്ല. പകരം എയര്‍ടെല്‍ മണി അക്കൗണ്ടിലേക്ക് 3144 രൂപ പോയതായി ജാനുവിന് ഫോണില്‍ സന്ദേശം ലഭിക്കുകയായിരുന്നു.
താന്‍ എയര്‍ടെല്‍ അക്കൌണ്ട് എടുത്തിട്ടില്ലെന്നും ജാനു പറയുന്നു. സമാനമായ പരാതിയുമായി തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന കൂടുതല്‍ പേര് എത്തിയിട്ടുണ്ടെന്ന് മരുതാങ്കര പഞ്ചായത്തും വ്യക്തമാക്കി. തങ്ങളറിയാതെ പണം എങ്ങനെ എയര്‍ടെല്ലിലേക്ക് പോകുന്നുവെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജാനു അടക്കമുള്ളവര്‍ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. പിന്നീട് ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ എയര്‍ടെല്‍ പ്രീപെയ്ഡ് കൌണ്ടറില്‍ നിന്ന് ജാനുവിന് 3090 രൂപ മടക്കി നല്‍കി.
അക്കൗണ്ടില്‍ സ്ഥിരമായി 50 രൂപ വേണമെന്ന് കാട്ടി 54 രൂപ നല്‍കിയില്ലെന്നും ജാനു പറയുന്നു. അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടാനായിരുന്നു കുറ്റിയാടിയിലെ ഫ്രാഞ്ചൈസിയുടെ മറുപടി.