നെല്ലറയുടെ പാട്ടുകാരന്‍ ഇനി മകനരികെ ഉറങ്ങും
ജന്മദേശത്ത് തന്നെ അന്ത്യവിശ്രമമൊരുക്കണമെന്ന് കാവാലം നാരായണപ്പണിക്കരുടെ ആഗ്രഹമായിരുന്നു. തനിക്ക് മുന്‍പേ പോയ മകനരികിലാണ് ഇനി നെല്ലറയുടെ പാട്ടുകാരന്റെ നിത്യ വിശ്രമം.
അന്തരിച്ച പ്രശസ്ത നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ സംസ്കാരം ഇന്ന് ജന്മനാടായ കാവാലത്ത് നടക്കും. വൈകിട്ട് നാലരക്കാണ് സംസ്കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരച്ചടങ്ങുകള്‍ നടക്കുക. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടരവരെ കാവാലത്തിന്റെ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
ജന്മദേശത്ത് തന്നെ അന്ത്യവിശ്രമമൊരുക്കണമെന്ന് കാവാലം നാരായണപ്പണിക്കരുടെ ആഗ്രഹമായിരുന്നു. തനിക്ക് മുന്‍പേ പോയ മകനരികിലാണ് ഇനി നെല്ലറയുടെ പാട്ടുകാരന്റെ നിത്യ വിശ്രമം.
പഠനവും വക്കീല്‍പണിയും വിട്ട് കലാ ലോകവുമായി തലസ്ഥാനത്തേക്ക് ജീവിതം പറിച്ചു നടുമ്പോഴും നാട്ടീണം പകര്‍ന്നു തന്ന കുട്ടനാടിനെ വിട്ടൊരു യാത്ര കാവാലത്തിനില്ലായിരുന്നു. എല്ലാ വേനലവധിക്കാലത്തും ജന്മ നാട്ടിലെ പുതു തലമുറക്കായി അദ്ദേഹം നടത്തിയ കുരുന്നുകൂട്ടം ശ്രദ്ധേയമായിരുന്നു. കുടുംബക്ഷേത്രത്തിലെ മുടിയേറ്റിന് നാരായണപ്പണിക്കരായിരുന്നു എപ്പോഴും മുമ്പന്തിയില്‍. നാടുവിട്ടൊരു കാര്യമില്ലാതിരുന്ന കാവാലം ഈ നാടിനെ ഏറെ സ്നേഹിച്ചിരുന്നു.
ഇതിനെല്ലാമിടയിലെ സ്വകാര്യദുഃഖമായിരുന്നു 2009ല്‍ മൂത്ത മകന്‍ ശ്രീഹരിയുടെ ആകസ്മിക വിയോഗം. കാവാലത്തിന്റെ സോപാനം നാടകസമിതിയടക്കം കലാരംഗത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ശ്രീഹരിയുടെ കയ്യിലായിരുന്നു. മകന്റെ മരണത്തോടെ എല്ലാ ഭാരവും നാരായണപ്പണിക്കര്‍ സ്വയം ഏറ്റെടുത്തു.
കാവാലെത്തുമ്പോഴെല്ലാം അടുപ്പക്കാരോട് നാരായണപ്പണിക്കര്‍ പറയുമായിരുന്നത്രേ എന്റെ അന്ത്യവിശ്രമം മകനൊപ്പമായിരിക്കുമെന്ന്. മലയാളത്തിന്റെ നാട്ടുശീലങ്ങളെ ജനകീയമാക്കിയ കലാകാരന്‍ ചേറിന്റെ മണമുള്ള കലകളെ നെഞ്ചേറ്റിയ മണ്ണിലേക്ക് ചേരുകയാണ്......