ഭാരത് ആശുപത്രിയിലെ നേഴ്സ് സമരം; ജില്ല കലക്ടര്‍ വിളിച്ച ചര്‍ച്ചയിലും ധാരണയായില്ല
നഴ്സുമാര്‍ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് മാനേജ്മെന്‍റ് അറിയിച്ചത്. ആവശ്യങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് നഴ്സുമാരും അറിയിച്ചു.
കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്ത് തീര്‍പ്പാക്കാന്‍ ജില്ല കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ ധാരണയായില്ല. നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സമരം 85 ദിവസം പിന്നിടുകയും മൂന്ന് നഴ്സുമാര്‍ നിരാഹരം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ല കലക്ടര്‍ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടത്. എന്നാല്‍ ഒരുമിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് നഴ്സുമാര്‍ എത്തുന്നതിന് മുന്‍പ് തന്നെ മാനേജ്മെന്‍റ് പ്രതിനിധികള്‍ എത്തി അവരുടെ നിലപാട് ജില്ല കലക്ടറെ അറിയിച്ചു. നഴ്സുമാര്‍ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് മാനേജ്മെന്‍റ് അറിയിച്ചത്. ഇതിന് പിന്നാലെ നഴ്സുമാരുടെ പ്രതിനിധികളും ജില്ല കലക്ടറെ കണ്ടു. ആവശ്യങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് നഴ്സുമാരും അറിയിച്ചു.
ചര്‍ച്ച ഫലം കാണാതെ വന്ന സാഹചര്യത്തില്‍ അടുത്ത ദിവസം വീണ്ടും ചര്‍ച്ച നടത്താന്‍ ജില്ല കലക്ടര്‍ തീരുമാനിച്ചു. അതേസമയം ജിപ്സി എന്ന നഴ്സ് നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നു. നേരത്തെ എംപി ജോസ് കെ മാണി ഇടപെട്ടാണ് നിരാഹാരം കിടന്ന ഒരു നഴ്സിനെ പിന്‍തിരിപ്പിച്ചത്. എന്നാല്‍ പ്രശ്നം പരിഹരിക്കാതെ പിന്‍മാറില്ലെന്നാണ് ജിപ്സി പറയുന്നത്.