വിജയ് മല്യയുടെ പേരുപയോഗിച്ചതിന് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്ന് സംവിധായകന്‍
സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് മല്യയുടെ പേര് പരാമര്‍ശിച്ചത് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് ആരോപണം.
വിജയ് മല്യയുടെ പേര് ഉപയോഗിച്ചതിന് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്ന് സംവിധായകന്റെ ആരോപണം. ഇരട്ടജീവിതം എന്ന സിനിമയുടെ സംവിധായകനായ സുരേഷ് നാരായണനാണ് സെന്‍സര്‍ബോര്‍ഡിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭിന്നലിംഗക്കാരുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന സിനിമയാണ് ഇരട്ടജീവിതം. സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് മല്യയുടെ പേര് പരാമര്‍ശിച്ചത് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് ആരോപണം. ഇക്കാര്യം പറഞ്ഞ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിച്ചതിനെ തുടര്‍ന്ന് പേര് വെട്ടിമാറ്റാന്‍ നിര്‍ബന്ധിതരായെന്നും സംവിധായകന്‍ പറയുന്നു
വിജയ് മല്യയുടെ കടം എഴുതിതള്ളുന്നതായി ഒരു വാര്‍ത്താചാനലില്‍ വന്ന വാര്‍ത്ത അതു പോലെ തന്നെ ശബ്ദമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. വാണിജ്യ സിനിമകളില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും സമാന്തര സിനിമകളോടാണ് ഇത്തരത്തില്‍ പ്രശ്‌നമുള്ളതെന്നും സംവിധായകന്‍ പറയുന്നു. പേര് ഒഴിവാക്കി 2017ലെ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം സമാന്തരമായി പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.