മുണ്ടക്കൈ പുനരധിവാസ ഭൂമി ഏറ്റെടുക്കലിന് സ്റ്റേ ഇല്ല; ഹാരിസൺസിന്റെ ആവശ്യം തള്ളി ഹൈക്കോടതി
സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച്, ഹാരിസൺസിന്റെ അപ്പീൽ തീർപ്പാക്കുകയും ചെയ്തു.


കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ഹാരിസൺസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഹാരിസണ്‍സ് മലയാളം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി.
വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പ് നിർമാണത്തിനായി ദുരന്തനിവാരണ നിയമമനുസരിച്ച് സർക്കാരിന് ഭൂമിയേറ്റെടുക്കാം എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാരിസൺസ് മലയാളം എസ്റ്റേറ്റും എൽസ്റ്റൺ എസ്റ്റേറ്റും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
പുനരധിവാസത്തിന് ഭൂമി വിട്ടുനൽകാനാവില്ലെന്നും ഏറ്റെടുക്കുന്ന ഭൂമിക്കുമേൽ സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നൽകണമെന്ന സിംഗിൾ ബെഞ്ച് വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദങ്ങൾ. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച്, ഹാരിസൺസിന്റെ അപ്പീൽ തീർപ്പാക്കുകയും ചെയ്തു.
പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നു നിർദേശിച്ച കോടതി, പദ്ധതി എന്ന് തുടങ്ങാനാവുമെന്നും ചോദിച്ചു. ഉടൻ തുടങ്ങുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാര തുകയായ 26 കോടി സർക്കാർ ഹൈക്കോടതിയിൽ ഉടൻ കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു.
നഷ്ടപരിഹാര തുക ചോദ്യം ചെയ്തുള്ള എൽസ്റ്റണിന്റെ അപ്പീലും ഹൈക്കോടതി അംഗീകരിച്ചില്ല. ഈ അപ്പീലും ഹൈക്കോടതി തീർപ്പാക്കി. പല കുടുംബങ്ങളും പണം മതി, ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.