മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം
ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മാസം പ്രഖ്യാപിക്കില്ല
ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മാസം പ്രഖ്യാപിക്കില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണ് മന്ത്രിസഭാ യോഗത്തിലുണ്ടായ ധാരണ. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ - സംസ്ഥാന പാതയോരത്ത് നിന്ന് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടന്നും ധാരണയായി.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് മദ്യനയത്തില്‍ ഈ മാസം തീരുമാനം എടുക്കാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പക്ഷെ മാര്‍ച്ച് 31ന് ശേഷം ഇപ്പോഴുള്ള മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നുള്ളതിനാല്‍ പെരുമാറ്റചട്ടം സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മദ്യനയം പ്രഖ്യാപിക്കുന്നത് മാറ്റി വെച്ചതെന്നാണ് സൂചന. കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള പ്രഖ്യാപനം വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് എല്‍ഡിഎഫ് വിലയിരുത്തിയിരുന്നു.
സുപ്രീംകോടതി വിധി നിലനില്‍ക്കുന്നുണ്ടെങ്കിലും ദേശീയ സംസ്ഥാന പാതയോരത്തുള്ള ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടന്ന ധാരണയും മന്ത്രിസഭായോഗത്തിലുണ്ടായിട്ടുണ്ട്. സുപ്രീംകോടതി വിധി ബിവറേജസ് കോര്‍പ്പറേഷനെ മാത്രം ബാധിക്കൂവെന്ന അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.