സ്വാശ്രയഫീസ് വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; ചര്‍ച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി
സഭയില്‍ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
സ്വാശ്രയ കോളജുകളുമായി സര്‍ക്കാറുണ്ടാക്കിയ കരാറുകളെക്കുറിച്ച് ചര്‍ച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സഭയില്‍ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
സ്വാശ്രയ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചു. സ്വാശ്രയ കരാറിലെ വീഴ്ചമൂലം ഫീസ് വര്‍ദ്ധനവുണ്ടായത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം. ഫീസ് വര്‍ദ്ധനവ് രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടായെന്ന് പ്രമേയത്തില്‍ പറയുന്നു. വി എസ് ശിവകുമാറാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന് പിന്തുണ നല്‍കി കേരള കോണ്‍ഗ്രസ് എം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സ്വാശ്രയ പ്രവേശനത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളക്കാണ് വഴിയൊരുങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തു കൊണ്ട് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ലെന്നും ചെന്നിത്തല ചോദിച്ചു.
എന്നാല്‍ സ്വാശ്രയകരാര്‍ ഗുണകരമായെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഇക്കാര്യത്തില്‍ അതൃപ്തിയുള്ളത് പ്രതിപക്ഷത്തിന് മാത്രമാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും തൃപ്തരാണന്നും മന്ത്രി സഭയില്‍ പറഞ്ഞു.