കെ ബാബുവിന്റെ ബാങ്ക് ലോക്കറുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു
ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും
അനധികൃത സ്വത്ത് സമ്പാദനകേസില് കെ ബാബുവിന്റെ ബാങ്ക് ലോക്കറുകളുടെ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ലോക്കറുകളുടെ തുറന്ന് പരിശോധനയില്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇടപാടുകള്‍ നടത്തിയ ദിവസത്തെ വിശദാംശങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് കെ ബാബുവിന്‍റെ പേരിലുളള തൃപ്പൂണിത്തുറയിലെ എസ്ബിടി ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചത്. എന്നാല്‍ ലോക്കറുകള്‍ കാലിയായിട്ടാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ലോക്കറുകള്‍ ഉപയോഗിച്ച ദിവസത്തെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. പ്രാഥമിക പരിശോധനയില്‍ ആഗസ്ത് മാസം 10 തിയതി അവസാനമായി ലോക്കര്‍ ഉപയോഗിച്ചതായി വിജിലന്‍സ് കണ്ടെത്തി. മുന്‍പ് എത്രതവണ ലോക്കര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാന്‍ ബാങ്ക് രേഖകള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. എന്തൊക്കെ ലോക്കറില്‍ വെച്ചിട്ടുണ്ടെന്ന് അറിയാന്‍ ചോദ്യംചെയ്യല്‍ അടക്കമുള്ളവ വേണ്ടി വരുമെന്നാണ് സൂചന. കൂടുതല്‍ വ്യക്തതക്കായി ബാങ്കിലെ സിസിടിവിദൃശ്യങ്ങളും പരിശോധിക്കും. എത്രയും വേഗം ദൃശ്യങ്ങള്‍ കൈമാറാന്‍ ബാങ്ക് അധികൃതര്‍ക്ക് വിജിനല്‍സ് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
ബാബുവിന്‍റെ മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ 300 പവന്‍ സ്വര്‍ണ്ണം മാത്രമാണ് ലഭിച്ചത്. ഈ ലോക്കറുകളുടെയും വിശദാംശങ്ങള്‍ പരിശോധിക്കും. നിലവിലെ സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും. ഇതിനായുള്ള ലിസ്റ്റ് തയ്യാറാക്കിയതായണ് സൂചന.