മൈക്രോഫിനാന്‍സ് കേസ്: സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധം വേണ്ടെന്ന് തീരുമാനം
പരസ്യപ്രകടനം സംഘടനാപരമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്ന്നാണ് തീരുമാനം. എസ്എന്‍ഡിപിയുടെ ഭാരവാഹികളുടെ സമ്പൂര്‍ണ യോഗം....
മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യപ്രതിഷേധം വേണ്ടെന്ന് എസ്എന്‍ഡിപി നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരസ്യപ്രകടനം സംഘടനാപരമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്ന്നാണ് തീരുമാനം. എസ്എന്‍ഡിപി ഭാരവാഹികളുടെ സന്പൂര്‍ണ യോഗത്തില്‍ വച്ചാണ് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സിന് കേസെടുക്കാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി നടടേശന്‍ പറഞ്ഞു. പരസ്യ പ്രകടനം നടത്തിയാല്‍ സംഘടന ഇപ്പോള്‍ തുടരുന്ന രാഷ്ട്രീയ നിലപാട് വച്ച് ബിജെപിയടക്കമുള്ളവര്‍ പങ്കെടുക്കും. ഇവര്‍ ഏതെങ്കിലും തരത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ അത് കൂടുതല്‍ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ യാതൊരു വിധ പ്രത്യക്ഷ പരിപാടികളും നടത്തരുതെന്നാണ് എസ്എന്‍ഡിപി നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വിശദീകരിച്ചു. അതിന്റെ ഭാഗമായ് ഇന്ന് ആലപ്പുഴയില്‍ നടത്താനിരുന്ന പ്രകടനം ഉപേക്ഷിക്കുകയും ചെയ്തു.
സര്‍ക്കാരിനെതിരെ തിരിഞ്ഞ് സൌഹൃദം നഷ്ടപ്പെടുത്തരുതെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കി. പിണറായിയോട് സൌഹദവും വിഎസിനോട് കടുത്ത നിലപാടുമാകും സംഘടന സ്വീകരിക്കുക. എന്നാല്‍ പ്രാദേശികമായി വനിതാസംഘങ്ങള്‍, മൈക്രോയൂണിറ്റുകള്‍ ഉള്‍പ്പടെയുള്ളവരുടെ യോഗങ്ങള്‍ വിളിച്ച് വിശദീകരണം നല്‍കും. സര്‍ക്കാര്‍ സ്ഥപനത്തില്‍ നിന്ന് മറ്റ് പിന്നാക്കസമുദായങ്ങളും വായ്പയെടുത്തിട്ടും അന്വഷണം എസ്എന്‍ഡിപിക്കെതിരെ മാത്രമെന്നും സമുദായംഗങ്ങളോടു പ്രാദേശിക യോഗം വിളിച്ച് വിശദീകരിക്കും. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിവന്നതും സംഘടനയെ വേട്ടയാടുന്നതിന് കാരണമായെന്നും വിശദീകരിക്കാന്‍ എസ്എന്‍ഡിപി തീരുമാനിച്ചു .