കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: പാലക്കാട് അതൃപ്തി പുകയുന്നു
സീറ്റ് നിര്‍ണയത്തിനെതിരെ പാലക്കാട് കോണ്‍ഗ്രസില്‍ കടുത്ത അഭിപ്രായ ഭിന്നത
സീറ്റു നിര്‍ണയത്തിനെതിരെ പാലക്കാട് കോണ്‍ഗ്രസില്‍ കടുത്ത അഭിപ്രായ ഭിന്നത. അവഗണന ചര്‍ച്ച ചെയ്യാന്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു.
നിലവില്‍ സ്ഥാനാര്‍ത്ഥി ധാരണയിലെത്തിയ ചിലരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ട എന്ന നിര്‍ദ്ദേശവും യോഗത്തിലുയര്‍ന്നു.
കഴിഞ്ഞ തവണ ജില്ലയില്‍ എട്ട് സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിച്ചപ്പോള്‍ മതിയായ പ്രാതിനിധ്യം ഐ ഗ്രൂപ്പിനുണ്ടായിരുന്നെന്നും ഇത്തവണ 10 സീറ്റ് ലഭിച്ചിട്ടും രണ്ട് മണ്ഡലം മാത്രമാണ് പരിഗണിച്ചതെന്നുമാണ് ഐ വിഭാഗ ആക്ഷേപം. മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന വി എസ് വിജയരാഘവന്‍റെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ് യോഗം. 34 പേര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഐ ഗ്രൂപ്പുകാരെ അവഗണിച്ചു എന്നായിരുന്നു പൊതുഅഭിപ്രായം. സംസ്ഥാന ഐ ഗ്രൂപ്പ് നേതൃത്വത്തിനെതിരെയും വിമര്‍ശമുയര്‍ന്നു. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിക്കേണ്ട എന്ന ആവശ്യവും യോഗത്തിലുണ്ടായി. നെന്‍മാറയില്‍ എ വി ഗോപിനാഥിനൊപ്പം ഐ ഗ്രൂപ്പിലെ വി എസ് വിജയരാഘവനും പരിഗണിക്കപ്പെട്ടിരുന്നു. എ വി ഗോപിനാഥിന് അവസരം നല്‍കാനുള്ള തീരുമാനത്തിനെതിരെയും നീക്കമുണ്ട്.
മലമ്പുഴയില്‍ ഐ ഗ്രൂപ്പിലെ പി വി രാജേഷ് പരിഗണനയിലുണ്ടായിരുന്നെങ്കിലും കെഎസ് യു നേതാവ് വി എസ് ജോയിക്കാണ് നറുക്ക് വീണത്. തൃത്താലയില്‍ വി ടി ബല്‍റാമിന്‍റെ പേരിനൊപ്പം ഡിസിസി പ്രസിഡന്‍റ് സി വി ബാലചന്ദ്രന്‍രെ പേരും നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൂടാതെ സി വി ബാലചന്ദ്രന്‍റെ പേര് മറ്റ് മൂന്നിടങ്ങളില്‍ കൂടി ശുപാര്‍ശ ചെയ്തിരുന്നു. സി വി ബാലചന്ദ്രന്‍ ഇന്നലെ നടന്ന യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.