കണ്ണൂരിലെ മലയോര മേഖലകള്‍ കടുവാ ഭീതികള്‍
മഴക്കാലം തുടങ്ങിയതോടെ കര്‍ണാടക വനമേഖലയില്‍ നിന്നും നാട്ടിലിറങ്ങിയ കടുവകളാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളായ ചീക്കാട്, കാപ്പിമല ഭാഗങ്ങളിലെ ജനങ്ങള്‍ കടുവാ ഭീക്ഷണിയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കടുവകള്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു. മഴക്കാലം തുടങ്ങിയതോടെ കര്‍ണാടക വനമേഖലയില്‍ നിന്നും നാട്ടിലിറങ്ങിയ കടുവകളാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മണക്കടവ് ചീക്കാട് കോളനിയിലെത്തിയ കടുവകള്‍ നിരവധി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ കാപ്പിമല, മഞ്ഞപ്പുല്ല് മേഖലകളിലും കടുവയിറങ്ങിയത്. നിരവധി ആടുകളും വളര്‍ത്തുനായ്ക്കളും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃഗങ്ങളെ ആക്രമിച്ചത് കടുവയാണന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്തും പ്രദേശത്ത് കടുവകളുടെ ആക്രമണമുണ്ടായിരുന്നു.