കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍നിന്ന് ശേഖരിച്ച താറാവുകളുടെ സാമ്പിളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. അയ്മനം, ആര്‍പ്പുക്കര പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച താറാവുകളുടെ സാംപിളുകളില്‍ നിന്നാണ് പക്ഷിപ്പനി കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അയ്മനം, ആര്‍പ്പുക്കര പഞ്ചായത്തുകളിലെ അഞ്ഞൂറോളം താറാവുകള്‍ പക്ഷിപ്പനി രോഗലക്ഷണങ്ങളോടെ ചത്തത്. ഇതേതുടര്‍ന്ന് ഇതില്‍ 12 താറാവുകളുടെ ശ്രവ സാംപിള്‍ ഭോപ്പാലിലെ കേന്ദ്ര ലാബിലേക്ക് അയച്ചു. പരിശോധനയില്‍ പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എന്‍ 8 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനോടകം 2000ത്തോളം താറാവുകളാണ് പക്ഷിപ്പനി ലക്ഷണങ്ങളോടെ കോട്ടയം ജില്ലയില്‍ ചത്തത്.
രോഗബാധ സ്ഥീരികരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ നാളെ മൂന്ന് മണിക്ക് ജില്ലാ കലക്ടര്‍ യോഗം വിളിച്ചു. ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കത്തിച്ച താറാവുകളുടെ എണ്ണം പതിനേഴായിരം കടന്നു. ഇതില്‍ 7700 എണ്ണത്തിനെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദ്രുതകര്‍മസേന കൊന്നവയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടനാട്ടില്‍ എച്ച് 5 എന്‍ 8 നിയന്ത്രണവിധേയമാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രതീക്ഷ.