ജിഷയുടെ കൊലപാതകം; ഇരുട്ടില്‍ തപ്പി പൊലീസ്
28ാം തീയ്യതി രാത്രി കുറുപ്പംപടി ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടിലാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
പെരുമ്പാവൂരില്‍ ദലിത് യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. യുവതി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായതായുളള സംശയം നിലനില്‍ക്കുമ്പോഴും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഏറെ നാളായി ജിഷയെയും അമ്മയെയും നാട്ടുകാരില്‍ പലരും ശല്യപ്പെടുത്താറുണ്ടെന്ന് ബന്ധുക്കളും ആരോപിക്കുന്നു.
28ാം തീയ്യതി രാത്രി കുറുപ്പംപടി ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടിലാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതോളം മുറിവുകളുണ്ടായിരുന്നു. വയറില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു. രാത്രി എട്ടരയോടെ അമ്മ രാജേശ്വരിയാണ് മൃതദേഹം ആദ്യം കണ്ടത്. അരയ്ക്ക് കിഴ്പോട്ട് വിവസ്ത്രയായി കാണപ്പെട്ട ജിഷ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പോലീസ് നല്‍കുന്ന സൂചന. പെരുമ്പാവൂര് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുറുപ്പംപടി, പെരുമ്പാവൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡല്‍ഹിയിലെ നിര്‍ഭയുടേതിന് സമാനമായ പീഡനമാണ് പെരുമ്പാവൂരിലും നടന്നത് എന്നാണ് പൊലീസ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകത്തിന്റെ കൂടുതല് വിവരങ്ങള്‍ നല്കാനാവൂ എന്നും പൊലീസ് പറയുന്നു.
ഒന്നിലധികം പേര്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയതെന്നും ജിഷ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിട്ടുളളതായി സംശയിക്കുന്നതായും കൊല്ലപ്പെട്ട ജിഷയുടെ ബന്ധു പറയുന്നു. ഏറെ നാളായി തന്നെയും മകളെയും നാട്ടുകാരില്‍ പലരും ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് അമ്മയും പറയുന്നു.
പുലയ വിഭാഗത്തില് പെട്ടവരാണ് ജിഷയും കുടുംബവും. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബമാണ് ഇവരുടേത്. എറണാകുളം ലോ കോളജില് എല്‍ എല്‍ ബി വിദ്യാര്ഥിനിയായിരുന്നു ജിഷ.