ലക്ഷദ്വീപില്‍ മൂന്ന് ബോട്ടുകളിലായി 32 പേരെ രക്ഷപ്പെടുത്തി
ബിട്ര ദ്വീപില്‍ ലക്ഷദ്വീപ് പൊലീസ് രക്ഷപ്പെടുത്തിയവരില്‍ 17 മലയാളികളുണ്ട്
ലക്ഷദ്വീപില്‍ മൂന്ന് ബോട്ടുകളിലായി 32 പേരെ രക്ഷപ്പെടുത്തി. ബിട്ര ദ്വീപില്‍ ലക്ഷദ്വീപ് പൊലീസ് രക്ഷപ്പെടുത്തിയവരില്‍ 17 മലയാളികളുണ്ട്. ബാക്കിയുള്ളവര്‍ തമിഴ്നാട് ആന്ധ്രാ സ്വദേശികളാണ്. ഇതിനിടെ കോഴിക്കോട് കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികൾ ബേപ്പൂരിലെ ലക്ഷദ്വീപ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഓഖി ചുഴലിക്കാറ്റില്‍ പെട്ട് നാല് ദിവസമായി നടുക്കടലില്‍ കുടുങ്ങിയവരെയാണ് ലക്ഷദ്വീപ് പൊലീസ് രക്ഷിച്ചത്. സെന്റ് ജ്യൂഡ്, മരിയം, പെരിയ നായകി എന്നീ ബോട്ടുകളാണ് ബിട്ര ദ്വീപിലെത്തിച്ചത്. ഈ ബോട്ടുകളിലുണ്ടായിരുന്ന 17 മലയാളികളും തിരുവനന്തപുരം സ്വദേശികളാണ്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ലക്ഷദ്വീപ് പൊലീസ് അറിയിച്ചു. ഇതിനിടെ കോഴിക്കോട് കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ലക്ഷദ്വീപ് നിവാസികൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ലക്ഷദ്വീപില്‍ രക്ഷിച്ചവരെ അടുത്ത ദിവസം കേരളത്തിലെത്തിക്കും.