ജി.എസ്.ടി: നികുതി വരുമാനം കാര്യമായി കുറയുമെന്ന് ധനമന്ത്രി
നികുതി കണക്ക്കൂട്ടുന്നതിലെ ആശയക്കുഴപ്പം മൂലം നികുതി വരുമാനത്തില്‍ വന്‍തോതില്‍ കുറവുവരും.
ജി.എസ്.ടി നടപ്പിലായത് മൂലം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു ലക്ഷം കോടി രൂപ നികുതിയിനത്തില്‍ കുറവുവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതിയ സ്റ്റോക്കുകളുടെ എം.ആര്‍.പിയില്‍ മുന്‍പുണ്ടായിരുന്നതിനെക്കാള്‍ കുറഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും തോമസ് ഐസക് പറഞ്ഞു. നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ജി.എസ്.ടി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി കണക്ക്കൂട്ടുന്നതിലെ ആശയക്കുഴപ്പം മൂലം നികുതി വരുമാനത്തില്‍ വന്‍തോതില്‍ കുറവുവരും. ഇതെല്ലാം കുത്തക കമ്പനികളുടെ ലാഭമായാണ് മാറുക. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റമുണ്ടാകും. ജി.എസ്.ടി നിയമപ്രകാരം ഉത്പന്നങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ നല്‍കുന്ന നികുതികളില്‍ വ്യാപാരികള്‍ക്ക് കിഴിവ് ലഭിക്കും. ഇതനുസരിച്ച് അടിസ്ഥാന വിലയില്‍ കുറവുവരുത്താന്‍ വ്യാപാരികള്‍ തയ്യാറാകാത്തതുകൊണ്ടാണ് നികുതി കുറഞ്ഞിട്ടും വിലകുറയാതിരിക്കാന്‍ കാരണം. പുതിയ സ്റ്റോക്കുകളുടെ എം.ആര്‍.പി കുറക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് കുത്തകകളെ പേടിച്ചിട്ടാണെന്നും ധനമന്ത്രി പറഞ്ഞു
ജിഎസ്‌ടിയുടെ വരവോടെ സംസ്ഥാനങ്ങളുടെ അധികാരം നഷ്ടമായെന്നത് വാസ്തവമാണെന്നും ധനമന്ത്രി പറഞ്ഞു. നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എം.എല്‍.എ മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.