ഓഖി ചുഴലിക്കാറ്റ്, കനത്ത നാശം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
തെക്കന്‍ കേരളത്തില്‍ കനത്ത നാശമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്
തെക്കന്‍ കേരളത്തില്‍ കനത്ത നാശമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിലധികം മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിപ്പോയത്. ഇതുവരെ262 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും.
ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ കടല്‍ കലി കയറി ആഞ്ഞടിച്ചു. മത്സ്യ ബന്ധനത്തിന് പോയ ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളാണ് കടലില്‍ കുടുങ്ങിയത്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 262 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 114 പേര്‍ മലയാളികളാണ്. പലരേയും തണുത്ത് മരവിച്ച അവസ്ഥയിലാണ് കരക്കെത്തിച്ചത്. വ്യോമ- നാവിക സേനയുടേയും കോസ്റ്റ് ഗാഡിന്‍റേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
രക്ഷപ്പെടുത്തി കരക്കെത്തിച്ച രണ്ട് പേര്‍ മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. രാത്രി വൈകി നാല് പേരെ കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ നാല്‍പ്പത് പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. രക്ഷാ പ്രവര്‍ത്തനം ഇന്നും ഊര്‍ജിതമായി തന്നെ തുടരും. എന്നാല്‍ എത്ര പേരാണ് കടലില്‍ അകപ്പെട്ടതെന്ന കൃത്യമായ കണക്കുകള്‍ കോസ്റ്റ് ഗാഡിനോ സര്‍ക്കാരിനോ ഇല്ലെന്നുള്ളതാണ് വാസ്തവം.