ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ കേസെടുത്തു
അധികാര ദുര്‍വി നിയോഗം, ട്രാഫിക്ക് നിയമ ലംഘനം തുടങ്ങിയ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാതെ ജുവൈനല്‍ നിയമ പ്രകാരം മാത്രമാണ് ഐജി ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്...
ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ ജുവൈനല്‍ കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തിലാണ് കേസ്. എന്നാല്‍ അധികാര ദുര്‍വി നിയോഗം, ട്രാഫിക്ക് നിയമ ലംഘനം തുടങ്ങിയ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാതെ ജുവൈനല്‍ നിയമ പ്രകാരം മാത്രമാണ് ഐജി ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
തൃശ്ശൂര്‍ റേഞ്ച് ഐജിയുടെയും പോലീസ് അക്കാദമി ഐജിയുടെയും ഔദ്യോഗിക വാഹനങ്ങള്‍ സുരേഷ് രാജ് പുരോഹിതിന്റെ മകന്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ഐജിക്കെതിരെ വകുപ്പ് തല അന്വേഷണം ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചങ്കിലും നടന്നില്ല. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പിഡി ജോസഫ് ഐജിക്കെതിരെ കേസെടുക്കമണമെന്നാവശ്യപെട്ട് ജുവൈനല്‍ കോടതിയെ സമീപിച്ചു.
ഐജി ക്കും മകനുമെതിരെ കേസെടുക്കുവാന്‍ ജുവൈനല്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവ് വന്ന് എട്ട് ദിവസം കഴിഞിട്ടും എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിയ്യൂര്‍ പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. ആറ് മാസം വരെ തടവോ പിഴയോ ലഭിക്കാവുന്ന ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്റെ 23 ാം സെക്ഷന്‍ പ്രകാരം മാത്രമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.