ആര്‍എസ്‍പികള്‍ ഒന്നായതിനാല്‍ ചവറ പിടിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
എതിര്‍ സ്ഥാനാര്‍ത്ഥിയായ എന്‍ വിജയന്‍പിള്ളയ്ക്ക് ചവറയില്‍ ലഭിക്കുന്ന സാമുദായിക പിന്തുണ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നു
ആര്‍എസ്‍പികള്‍ ഒന്നായെങ്കിലും പാര്‍ട്ടിയുടെ തട്ടകമായ ചവറയില്‍ മന്ത്രി ഷിബുബേബിജോണിന് ഇത്തവണ വിജയം അനായാസമാകില്ല. എതിര്‍ സ്ഥാനാര്‍ത്ഥിയായ എന്‍ വിജയന്‍പിള്ളയ്ക്ക് ചവറയില്‍ ലഭിക്കുന്ന സാമുദായിക പിന്തുണയാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്.
ഒരു പതിറ്റാണ്ടിലധികം തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്‍പികള്‍ പരസ്പരം ഏറ്റുമുട്ടിയതാണ് ചവറ മണ്ഡലത്തിന്റെ പ്രത്യേകത. ആര്‍എസ്‍പിയുടെ കരുത്തനായ നേതാവ് ബേബി ജോണിന്റെ പുത്രന്‍ ഷിബുബേബി ജോണും പ്രിയ ശിഷ്യന്‍ എന്‍ കെ പ്രേമചന്ദ്രനും തമ്മില്‍ 2011 ല്‍ നടന്നതാണ് ചവറയില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള അവസാന മത്സരം. ആര്‍എസ്‍പിയും ആര്‍എസ്‍പി ബി യും ലയിച്ചതോടെ ചവറ മണ്ഡലം പാര്‍ട്ടിക്ക് ഉറച്ചകോട്ടയായെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
എന്നാല്‍ ചവറയില്‍ ഷിബുബേബിജോണിന് എതിരാളിയായി സിഎംപി സ്ഥാനാര്‍ത്ഥി എന്‍ വിജയന്‍പിള്ള എത്തിയതോടെ അനായാസ വിജയം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിലെ പ്രബല സമുദായമായ എന്‍എസ്എസുമായി വിജയന്‍പിള്ളയ്ക്കുള്ള അടുപ്പം വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എസ്എന്‍ഡിപിയുമായും വിജയന്‍പിള്ളക്ക് നല്ല ബന്ധമാണ്. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ കര്‍ശന നിര്‍ദ്ദേശം കൂടി ഉള്ളതിനാല്‍ സിപിഎം പ്രവര്‍ത്തകരും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
മന്ത്രിയായിരിക്കെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കിമാറ്റാമെന്നാണ് ഷിബു പ്രതീക്ഷിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ അക്കാദമി, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് ഷിബുബേബി ജോണിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്.