ചക്ലിയര്‍ക്കെതിരായ ജാതീയ ആക്രമണങ്ങളില്‍ നടപടിയില്ല
പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ക്കെതിരെ നടന്ന ജാതീയ ആക്രമണങ്ങളിലെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം
പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ക്കെതിരെ നടന്ന ജാതീയ ആക്രമണങ്ങളിലെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. പരാതികള്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ചക്ലിയര്‍ ആരോപിക്കുന്നത്.
ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പരാതികള്‍ നല്‍കിയിട്ടും സ്വീകരിക്കാതെ പൊലീസ് ഒത്തുതീര്‍പ്പാക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ പട്ടികജാതിയില്‍പെട്ട ചക്ലിയര്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഉണ്ടാകുമെന്ന് ഭീഷണിയില്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നാണ് മേല്‍ജാതിക്കാര്‍ പറയുന്നത്. ഇത് സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു
എന്നാല്‍, ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ച സംഭവത്തില്‍ ചക്ലിയര്‍ നല്‍കിയ പരാതികളില്‍ കഴമ്പില്ലെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. അംബേദ്കര്‍ കോളനിയിലെ പ്രശ്നങ്ങള്‍ സാമൂഹികമാണെന്ന് കൊല്ലങ്കോട് സിഐ സലീഷ് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ ഈ മാസം അംബേദ്കര്‍ കോളനിയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അദാലത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.