വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക് വഴി കാട്ടിയത് സിപിഎം: ഉമ്മന്‍ചാണ്ടി
വി എസ് അച്യുതാനന്ദന്റെ പരിഹാസത്തിന് കണക്കുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മറുപടി.
വി എസ് അച്യുതാനന്ദന്റെ പരിഹാസത്തിന് കണക്കുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മറുപടി. വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക് വഴികാട്ടിയത് സിപിഎമ്മാണ്. മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലെ കണക്കുകളും ബിഹാറിലെ സിപിഎം നിലപാടും ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിലെ ഉമ്മന്‍ചാണ്ടിയുടെ മറുപടി.
വഴിമുട്ടിയ ബിജെപിക്ക് വഴികാട്ടി ഉമ്മന്‍ചാണ്ടി എന്നായിരുന്നു വി എസ് അച്യുതാനന്ദന്‍ ട്വിറ്ററിലൂടെ നടത്തിയ പരിഹാസം. ഉമ്മന്‍ചാണ്ടിയുടെ കുട്ടനാട് പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു വി എസിന്റെ ട്വീറ്റ്. വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക് വഴികാട്ടിയത് സിപിഎമ്മാണെന്ന തലക്കെട്ടിലാണ് ഇതിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരളത്തില്‍ ബിജെപിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സിപിഎമ്മാണ്. നേമത്തെയും മഞ്ചേശ്വരത്തെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടികളുടെ വോട്ടുവിഹിതമാണ് ഇതിന് തെളിവ്. രണ്ടിടത്തും 2011 മുതല്‍ 2104 വരെ കാലയളവില്‍ യുഡിഎഫിനും ബിജെപിക്കും വോട്ട് വിഹിതം വര്‍ധിച്ചു. എന്നാല്‍ രണ്ടിടത്തും സിപിഎമ്മിന്റെ വോട്ട് ഇടിഞ്ഞന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം ദുര്‍ബലനായ പേമെന്റ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടാണ്. ബിഹാറില്‍ മതേതര മഹാസഖ്യത്തിനെതിരെ മത്സരിച്ച് ബിജെപിക്ക് പത്ത് സീറ്റില്‍ സിപിഎം വിജയം ഒരുക്കി. ബാംഗാളില്‍ സിപിഎം വോട്ട് പിടിച്ചാണ് ബിജെപി വളരുന്നത്. കേരളത്തിലും സിപിഎമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമാണ് ബിജെപിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. ഇതെല്ലാം മറച്ചുവച്ച് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.