ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍; പ്രതിഷേധം
കാസര്‍കോട് ചട്ടഞ്ചാലിലാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
സീറോ ലാന്‍ഡ് പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയ മൂന്ന് സെന്‍റ് ഭൂമിയിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി. മുന്‍കൂട്ടി അറിയിക്കാതെ പൈപ്പ് ലൈന്‍ ഇടുന്നതിനെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. കാസര്‍കോട് ചട്ടഞ്ചാലിലാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഭൂരഹിതരായ പാവങ്ങള്‍ക്ക് സീറോ ലാന്‍ഡ് പദ്ധതി പ്രകാരം മൂന്ന് സെന്‍റ് ഭൂമി ലഭിച്ചത്. ചിലര്‍ അതില്‍ ചെറിയൊരു വീടുണ്ടാക്കി. മറ്റുള്ളവര്‍ വീടിനായി തറയൊരുക്കി. ഇത് തകര്‍ത്താണ് ഗൈയില്‍ പൈപ്പ് ലൈന്‍ കടന്ന് പോവുന്നത്.
പദ്ധതി കടന്ന് പോവുന്ന വഴിയെകുറിച്ച് നേരത്തെ നാട്ടുകാര്‍ക്ക് വിവരമൊന്നും ബന്ധപ്പെട്ടവര്‍ നല്‍കിയില്ല. സിപിഎം ഏരിയാ സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള സൌകര്യത്തിനായി അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.