ഒരു മാസത്തിന് ശേഷം ലോ അക്കാദമി തുറന്നു
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റി പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് 29 ദിവസം നീണ്ടുനിന്ന സമരം അവസാനിച്ചത്.
തിരുവനന്തപുരം ലോ അക്കാദമിയില്‍ ക്ലാസ് തുടങ്ങി. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഒരു മാസമായി അക്കാദമി അടച്ചിട്ടിരിക്കുകയായിരുന്നു. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും വരെ വൈസ് പ്രിന്‍സിപ്പലിനായിരിക്കും ചുമതല. സമരവിജയത്തിന് ശേഷം അക്കാദമിയിലെത്തിയ വിദ്യാര്‍ഥികള്‍ ഏറെ സന്തോഷത്തിലാണ്.
29 ദിവസം നീണ്ടുനിന്ന വിദ്യാര്‍ഥി സമരം, വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിന്‍സിപ്പലിനെ മാറ്റാമെന്ന് രേഖാമൂലം മാനേജ്മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്. ക്ലാസ് തുടങ്ങി. ഇന്ന് ഞങ്ങളുടെ വിജയം ദിനമാണെന്നാണ് സമരത്തിന് മുന്നില്‍ നിന്നവരുടെ പ്രതികരണം. സമരത്തിന് ശക്തിപകര്‍ന്ന വിദ്യാര്‍ഥിനികളും സന്തോഷത്തിലാണ്. അക്കാദമിയിലെ അന്തരീക്ഷം മാറിയെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
അക്കാദമിയില്‍ പോലീസ് സുരക്ഷ തുടരുന്നുണ്ട്. മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെയും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കും.