നീതിയില്ലെങ്കില്‍ സര്‍ക്കാരിന്‍റെ ധനസഹായം വേണ്ട: ജിഷ്ണുവിന്‍റെ അച്ഛന്‍
നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചുനല്‍കുമെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍
നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരികെ നൽകുമെന്ന് ജിഷ്ണുവിന്‍റെ അച്ഛൻ അശോകൻ. പണമല്ല വലുത് മകനാണെന്നും അശോകൻ പറഞ്ഞു. അതിനിടെ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ ആരോഗ്യനില മോശമായി തുടരുന്നു.
നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ നിലപാട് കടുപ്പിക്കുകയാണ് ജിഷ്ണുവിന്‍റെ കുടുംബം. ആരോഗ്യനില മോശമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ മഹിജ അഞ്ചാം ദിവസം മരുന്നുകൾ ഒന്നും സ്വീകരിക്കുന്നില്ല. അമ്മാവൻ ശ്രീജിത്തിന്‍റെ ആരോഗ്യനിലയും മോശമായി. അതേസമയം മഹിജയ്ക്കും കുടുംബത്തിനും പിന്തുണയുമായി ഇന്നും വിവിധ സംഘടനാ നേതാക്കൾ എത്തി.
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥികളും സുഹൃത്തുക്കളും നിരാഹാരത്തിന് പിന്തുണയുമായി മെഡിക്കൽ കോളെജിൽ എത്തിയിട്ടുണ്ട്.